ജെഫ്രി എപ്സ്റ്റീന്‍ വിവാദത്തില്‍ ബ്രിട്ടീഷ് രാജകുടുംബത്തെ കൊണ്ടെത്തിച്ച വിര്‍ജിനിയ ജിഫ്രെ ഗുരുതരാവസ്ഥയില്‍. ആന്‍ഡ്രൂ രാജകുമാരന്‍ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് ആരോപണം ഉന്നയിച്ച ജിഫ്രെ ബസ് അപകടത്തില്‍ പരുക്കേറ്റാണ് ആശുപത്രിയില്‍ കഴിയുന്നത്. ഇവരുടെ ജീവന്‍ അപകടത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഒരു സ്‌കൂള്‍ ബസ് ഇവരുടെ വാഹനത്തിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ജെഫ്രി എപ്സ്റ്റീന്‍ മനുഷ്യക്കടത്തിന് വിധേയമാക്കിയ കൗമാരക്കാരിയെ ആന്‍ഡ്രൂ രാജകുമാരന്‍ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ആരോപണം. അപകടത്തില്‍ പരുക്കേറ്റ 41-കാരിക്ക് കിഡ്‌നിക്ക് പ്രശ്‌നമുണ്ടെന്നാണ് റിപ്പോര്‍ട്ട്.
മരിക്കുന്നതിന് മുന്‍പ് തന്റെ കുട്ടികളെ കാണാന്‍ ഒരു അവസരം വേണമെന്നാണ് വിര്‍ജിനിയ അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. നാല് ദിവസം വരെ മാത്രമാണ് ഇവര്‍ ജീവിച്ചിരിക്കാന്‍ സാധ്യതയെന്നാണ് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. സ്ഥിതി വളരെ മോശമാണെന്നാണ് വിര്‍ജിനിയയെ പ്രതിനിധീകരിച്ച് കേസുകളില്‍ ഹാജരായ യുഎസ് അഭിഭാഷകന്‍ ബ്രാഡ് എഡ്വാര്‍ഡ്‌സ് വ്യക്തമാക്കുന്നത്.
വരും ദിവസങ്ങളില്‍ മെച്ചപ്പെട്ട വാര്‍ത്ത വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം മെയിലിനോട് പറഞ്ഞു. തനിക്ക് നാല് ദിവസത്തെ ആയുസ്സാണ് ഡോക്ടര്‍മാര്‍ വിധിച്ചിരിക്കുന്നതെന്ന് വിര്‍ജിനിയ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ കുറിച്ചിരുന്നു. എന്നാല്‍ ബ്രിട്ടീഷ് രാജകുടുംബത്തെ നാണക്കേടിലാക്കിയ ഇരയുടെ അവസ്ഥ ചിലരെ സന്തോഷിപ്പിക്കുന്നുവെന്നതാണ് അവസ്ഥ.
1999-ല്‍ ആന്‍ഡ്രൂവുമായി പ്രണയത്തിലായിരുന്ന ലേഡി വിക്ടോറി ഹെര്‍വി ഇത് 'കര്‍മ്മ' ആണെന്നാണ് വാര്‍ത്തയുടെ പശ്ചാത്തലത്തില്‍ കുറിച്ചത്. അതേസമയം എഫ്ബിഐ അറസ്റ്റ് വാറണ്ടുകള്‍ ഇറക്കുമെന്നും, ഇതില്‍ നിന്നും രക്ഷപ്പെടാനായി മരിക്കുന്നതാണെന്ന് വരെ ഇവര്‍ തെളിവുകളില്ലാതെ കുറിച്ചു.