ലേബര്‍ എംപി ബ്രിട്ടീഷ് സഭയില്‍ ഉന്നയിച്ച വിചിത്രം ആവശ്യം കേട്ട് ഞെട്ടി മറ്റ് എംപിമാര്‍. പാകിസ്ഥാന്‍ അധീനതയിലുള്ള കശ്മീര്‍ പ്രദേശത്ത് പുതിയ എയര്‍പോര്‍ട്ട് നിര്‍മ്മിക്കണമെന്ന് ആവശ്യം ഉന്നയിച്ച ബര്‍മിംഗ്ഹാം എംപി താഹിര്‍ അലിയാണ് പരിഹാസപാത്രമായി മാറിയത്. മാലിന്യ തൊഴിലാളികളുടെ സമരം മൂലം സ്വന്തം പ്രദേശം ചീഞ്ഞുനാറിക്കൊണ്ട് ഇരിക്കുമ്പോഴാണ് ലേബര്‍ എംപിയുടെ ഈ വിചിത്ര സമീപനം.
മറ്റൊരു രാജ്യത്ത് എയര്‍പോര്‍ട്ട് നിര്‍മ്മിക്കുന്നതിനെ പിന്തുണച്ച താഹിര്‍ അലി ഇപ്പോള്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകയാണ്. പാകിസ്ഥാന്‍ അധീനതയിലുള്ള കശ്മീരിലെ മിര്‍പൂര്‍ ജില്ലയിലെ പ്രൊജക്ടിനെ അനുകൂലിച്ച് അലി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റും ഇട്ടു.
മിര്‍പൂരില്‍ ഒരു അന്താരാഷ്ട്ര വിമാനത്താവളം നിര്‍മ്മിക്കാന്‍ ഏറെ നാളായി ആവശ്യം നിലനില്‍ക്കുന്നുണ്ട്. പക്ഷെ ഇത് നടന്നിട്ടില്ല. ഇത് എന്റെ മണ്ഡലത്തിലെ നിരവധി ആളുകള്‍ക്ക് സുപ്രധാനമായ തടസ്സങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. പാകിസ്ഥാനില്‍ തൊട്ടടുത്തുള്ള വിമാനത്താവളത്തിലേക്ക് മൂന്ന് മണിക്കൂറോളം ഡ്രൈവ് ചെയ്താണ് എത്തുന്നത്. ഈ ആവശ്യത്തിനായി ഞാന്‍ സമ്മര്‍ദം തുടരും, പുതിയ വിമാനത്താവളത്തിന് അനുമതി ലഭിക്കുന്നത് വരെ ഈ വിഷയത്തില്‍ സമ്മര്‍ദം ചെലുത്തും, അലി എക്‌സില്‍ കുറിച്ചു.
എന്നാല്‍ അലി മിര്‍പൂരിനെയല്ല, ബര്‍മിംഗ്ഹാമിനെയാണ് പ്രതിനിധീകരിക്കുന്നതെന്ന് ഷാഡോ ജസ്റ്റിസ് സെക്രട്ടറി റോബര്‍ട്ട് ജെന്റിക്ക് രൂക്ഷമായി പ്രതികരിച്ചു. 'നിങ്ങളുടെ നഗരം മാലിന്യത്തില്‍ മുങ്ങിക്കിടക്കുകയാണ്. ഇതിന് ലേബര്‍ കൗണ്‍സിലിന് നന്ദി പറയണം. അതിനാല്‍ യുകെയില്‍ ശ്രദ്ധിക്കൂ', ജെന്റിക്ക് വ്യക്തമാക്കി.