ചക്കിന് വെച്ചത് കൊക്കിന് കൊള്ളുകയെന്നൊരു പദപ്രയോഗമുണ്ട്. ഉദ്ദേശിച്ചതിന് വിപരീതഫലം കിട്ടുന്ന കാര്യങ്ങളിലാണ് ഇത്തരമൊരു പ്രയോഗം ഉപയോഗിക്കാറുള്ളത്. ലേബര്‍ ഗവണ്‍മെന്റ് കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച വെല്‍ഫെയര്‍ പരിഷ്‌കാരങ്ങള്‍ ഈ വിധത്തിലായിരിക്കുമെന്നാണ് ഗവണ്‍മെന്റിന്റെ സ്വന്തം കണക്കുകള്‍ വ്യക്തമാക്കുന്നത്.
വിവാദമായ പരിഷ്‌കാരങ്ങള്‍ മൂലം 400,000 പേരെങ്കിലും ജോലി ചെയ്യാന്‍ ഫിറ്റ് അല്ലാത്തവരായി മാറുമെന്നാണ് കണക്കുകള്‍ വിശദമാക്കുന്നത്. ദീര്‍ഘകാലമായി രോഗത്തിന്റെ പേരില്‍ ജോലി ചെയ്യാതിരിക്കുന്നവരെ തിരികെ എത്തിക്കാന്‍ തയ്യാറാക്കിയ പദ്ധതിയാണ് ഈ വിധത്തില്‍ തിരിഞ്ഞുകൊത്തുന്നത്. ലേബര്‍ എംപിമാര്‍ പോലും പദ്ധതിയെ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്.
പക്ഷെ, ഈ പരിഷ്‌കാരങ്ങള്‍ മൂലം 2030 ആകുന്നതോടെ മുന്‍പ് പ്രതീക്ഷിച്ചതിലും ഏറെ ആളുകളെ ജോലിക്ക് അയോഗ്യരാക്കുന്നതില്‍ കലാശിക്കുമെന്നാണ് വ്യക്തമാകുന്നത്. നടക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നവരും, മാനസിക ആരോഗ്യ പ്രശ്‌നങ്ങളും ഉള്ളവര്‍ കൂടി ജോലി അന്വേഷിക്കുന്ന തരത്തില്‍ മുന്‍ ടോറി ഗവണ്‍മെന്റ് തയ്യാറാക്കിയ പദ്ധതി റദ്ദാക്കിയാണ് ലേബര്‍ മന്ത്രിമാര്‍ പുതിയ പദ്ധതി അവതരിപ്പിച്ചത്.
നിലവില്‍ 1.8 മില്ല്യണ്‍ ജനങ്ങളാണ് ജോലി ചെയ്യാന്‍ കഴിയുന്നില്ലെന്ന പേരില്‍ യൂണിവേഴ്‌സല്‍ ക്രെഡിറ്റ് നേടുന്നത്. തൊഴില്‍ അന്വേഷകരേക്കാള്‍ പ്രതിവര്‍ഷം 5000 പൗണ്ട് അധികം കിട്ടുന്നവരാണ് ഇവര്‍. ഇവര്‍ക്ക് ഒരു ജോലി ലഭിക്കാനായി തയ്യാറാകേണ്ട അവസ്ഥ പോലുമില്ല. എന്നാല്‍ 2030 ആകുമ്പോള്‍ ഈ കണക്ക് 2.6 മില്ല്യണിലേക്ക് വര്‍ദ്ധിക്കുമെന്നാണ് ഔദ്യോഗിക കണക്കുകള്‍. ചിലപ്പോള്‍ 3 മില്ല്യണിലേക്ക് ഉയര്‍ന്നേക്കാമെന്നും ഗവണ്‍മെന്റ് അപ്‌ഡേറ്റ് പറയുന്നു.