രാജ്യത്തെ മൂന്നിലൊന്ന് ജിപി സര്‍ജറികളുടെയും പ്രവര്‍ത്തനം മോശം നിലയിലെന്ന് റിപ്പോര്‍ട്ട്. ഇംഗ്ലണ്ടിലെ ആറായിരത്തിലേറെ പ്രാക്ടീസുകളുടെ ഓഡിറ്റ് പ്രകാരം 28 ഇടങ്ങളില്‍ സേവനം അപര്യാപ്തമാണെന്നാണ് കണ്ടെത്തല്‍. 288 സര്‍ജറികള്‍ക്ക് മെച്ചപ്പെടുത്തല്‍ അനിവാര്യമാണെന്ന് കെയര്‍ ക്വാളിറ്റി കമ്മീഷന്‍ റെഗുലേറ്റര്‍ വ്യക്തമാക്കി.
ബാര്‍ക്കിംഗ് & ഡാഗെന്‍ഹാമിലെ 29.4 ശതമാനം സര്‍ജറികളാണ് നിലവാരത്തിലും താഴെ പോയത്. കെന്റിലെ മെഡ്‌വേയില്‍ സമാനമാണ് അവസ്ഥ. ഈസ്റ്റ് ലണ്ടനിലെ ഗ്രീന്‍വിച്ചില്‍ 19.4 ശതമാനം സര്‍ജറികള്‍ മോശം പ്രകടനം കാഴ്ചവെയ്ക്കുന്നു. ജിപി സര്‍ജറികള്‍ നിശ്ചിത കാലയളവില്‍ സിക്യുസി നിയമപ്രകാരം ഇന്‍സ്‌പെക്ഷന്‍ നടത്തും.
ലണ്ടനിലെ ബാര്‍ക്കിംഗ് & ഡാഗെന്‍ഹാമിലെ 34 ഇടങ്ങളില്‍ രണ്ടെണ്ണം അപര്യാപ്തമായ സേവനമാണ് നല്‍കുന്നതെന്നാണ് വിധിയെഴുതിയത്. ഇത് പ്രകാരം ഇതിന്റെ നടത്തിപ്പുകാര്‍ക്ക് എതിരെ നടപടി എടുത്തതായി സിക്യുസി വ്യക്തമാക്കി. എട്ടെണ്ണത്തിന് മെച്ചപ്പെടുത്തല്‍ ആവശ്യമാണ്.
വര്‍ഷങ്ങളായി ഗവണ്‍മെന്റുമായി നടത്തിയ പോരാട്ടത്തിനൊടുവില്‍ ജിപിമാര്‍ പുതിയ കരാര്‍ പരിഷ്‌കാരങ്ങള്‍ അംഗീകരിച്ചിട്ടുണ്ട്. ഫാമിലി ഡോക്ടര്‍മാരെ തിരിച്ചെത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. രാവിലെ 8 മണിക്ക് അപ്പോയിന്റ്‌മെന്റിനായി ലക്ഷക്കണക്കിന് ജനങ്ങള്‍ നെട്ടോട്ടം ഓടുന്നത് പോലുള്ള പരിപാടികള്‍ അവസാനിപ്പിക്കാന്‍ കഴിയുമെന്നാണ് മന്ത്രിമാരുടെ പ്രതീക്ഷ. ഇതിന് പകരം ഓണ്‍ലൈനായി അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കുന്നത്.
ജനസംഖ്യ വര്‍ദ്ധിച്ചതും, ജോലിക്കാരുടെ എണ്ണം കുറയുന്നതും ചേര്‍ന്നാണ് അപ്പോയിന്റ്‌മെന്റ് പ്രതിസന്ധി രൂക്ഷമാക്കിയത്. ജോലി സമയം ചുരുക്കുകയും, നേരത്തെ വിരമിക്കുകയും ചെയ്യുന്ന ഡോക്ടര്‍മാരുടെ എണ്ണവും വര്‍ദ്ധിക്കുകയാണ്. സമ്മര്‍ദത്തില്‍ നിന്നും രക്ഷപ്പെടാന്‍ ചിലര്‍ സ്വകാര്യ മേഖലയിലേക്കും, വിദേശങ്ങലിലേക്കും ചേക്കേറുകയും ചെയ്യുന്നുണ്ട്.