ബ്രിട്ടനില്‍ അനധികൃത കുടിയേറ്റക്കാര്‍ക്ക് സത്യത്തില്‍ എല്ലാം കൊണ്ടും സന്തോഷമാണ്. നിയമവിരുദ്ധമായി പ്രവേശിച്ചിട്ടും ഒരു ജോലി ലഭിക്കാന്‍ എളുപ്പമാണ്. ഇവരെ ഉപയോഗിച്ച് വലിയ ശമ്പളം കൊടുക്കാതെ ലാഭം കൊയ്യാന്‍ സ്ഥാപനങ്ങളും മറുവശത്ത് തയ്യാറായിരിക്കുന്നു. ഈ ഇരുതല മൂര്‍ച്ചയുള്ള വാള്‍ 'ഒടിക്കാനാണ്' ഹോം സെക്രട്ടറി വെറ്റ് കൂപ്പര്‍ തയ്യാറെടുക്കുന്നത്.
അനധികൃത കുടിയേറ്റക്കാര്‍ക്ക് കരിഞ്ചന്തയില്‍ ജോലി ലഭിക്കുന്നത് വളരെ എളുപ്പമായി മാറിയിട്ടുണ്ടെന്ന് കൂപ്പര്‍ സമ്മതിക്കുന്നു. അനധികൃതമായി കുടിയേറ്റക്കാരെ ജോലിക്ക് നിയോഗിക്കുന്നവര്‍ക്ക് അഞ്ച് വര്‍ഷം വരെ ജയില്‍ശിക്ഷയും, വമ്പന്‍ പിഴയും, സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാനുമുള്ള വകുപ്പ് പ്രയോഗിക്കാനാണ് ഹോം സെക്രട്ടറി ഉത്തരവിട്ടിരിക്കുന്നത്.
ലണ്ടനില്‍ ക്രിമിനല്‍ സംഘങ്ങള്‍ക്കെതിരെ നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു അവര്‍. 40 രാജ്യങ്ങളില്‍ നിന്നുള്ള മന്ത്രിമാരും, ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന പരിപാടിയില്‍ അന്താരാഷ്ട്ര സഹകരണം, സപ്ലൈ റൂട്ട്, ക്രിമിനല്‍ ഫിനാന്‍സ്, ഓണ്‍ലൈന്‍ പരസ്യങ്ങള്‍ എന്നീ വിഷയങ്ങളില്‍ ചര്‍ച്ച നടത്തും.
'അഭയാര്‍ത്ഥി സിസ്റ്റത്തില്‍ സ്ഥിതി മാറ്റാനാണ് ഞങ്ങളുടെ ശ്രമം. ഇതിനായി പുതിയ നിയമങ്ങള്‍ നടപ്പാക്കും, തട്ടിപ്പിന് കൂട്ടുനില്‍ക്കുന്ന എംപ്ലോയേഴ്‌സിനെയും തടയും. ലേബര്‍ വിപണിയുടെ അടിത്തട്ടില്‍ നടക്കുന്ന ജോലികള്‍ക്ക് നിയന്ത്രണം വരും', കൂപ്പര്‍ ടെലിഗ്രാഫിനോട് പറഞ്ഞു.
യുകെയില്‍ സ്റ്റുഡന്റ്, വര്‍ക്ക് വിസയില്‍ എത്തിയ ശേഷം അഭയാര്‍ത്ഥിത്വത്തിനായി അപേക്ഷിക്കുന്ന പരിപാടി നിയന്ത്രിക്കാനും പദ്ധതിയുണ്ടെന്ന് കൂപ്പര്‍ സൂചന നല്‍കി. എന്നാല്‍ ലേബര്‍ ഗവണ്‍മെന്റ് കുടിയേറ്റത്തിന് എതിരെ കര്‍ശന നിലപാട് സ്വീകരിക്കുമെന്ന് പറയാന്‍ കഴിയില്ലെന്ന് കണ്‍സര്‍വേറ്റീവുകള്‍ ചൂണ്ടിക്കാണിച്ചു.