എന്‍എച്ച്എസിനെതിരെ ട്രാന്‍സ്-വനിതാ വിഷയത്തില്‍ സുപ്രധാന നിയമപോരാട്ടവുമായി വനിതാ നഴ്‌സുമാര്‍. വനിതകളുടെ വസ്ത്രം മാറുന്ന മുറികള്‍ ട്രാന്‍സ്-വനിതകള്‍ക്ക് വിട്ടുകൊടുത്ത നടപടി ലൈംഗിക പീഡനത്തിന് തുല്യമാണെന്ന് ചൂണ്ടിക്കാണിച്ചാണ് നഴ്‌സുമാര്‍ നിയമപോരാട്ടത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. ഡാര്‍ലിംഗ്ടണ്‍ മെമ്മോറിയല്‍ ഹോസ്പിറ്റലിലെ വനിതകളുടെ സൗകര്യം പുരുഷനായി ജനിച്ച സഹജീവനക്കാരന് അനുവദിച്ച നടപടിക്കെതിരെയാണ് എട്ട് നഴ്‌സുമാര്‍ പരാതിപ്പെട്ടിരിക്കുന്നത്.
ഈ നടപടി തങ്ങളുടെ അന്തസ്സ് കെടുത്തുന്നതും, മനുഷ്യാവകാശ ലംഘനവുമാണെന്ന് നഴ്‌സുമാര്‍ ആരോപിക്കുന്നു. പുരുഷനായി ജനിച്ച സഹജീവനക്കാരന്‍ റോസ് ഹെന്‍ഡേഴ്‌സണ്‍ ഇപ്പോള്‍ സ്വയം വനിതയായി അവകാശപ്പെടുകയാണ്. ഇവര്‍ തങ്ങള്‍ വസ്ത്രം മാറുമ്പോള്‍ സ്തനങ്ങളിലേക്ക് തുറിച്ച് നോക്കുകയും, ചേഞ്ചിംഗ് റൂമില്‍ കറങ്ങിത്തിരിയുകയും ചെയ്യുന്നുവെന്ന് വനിതാ നഴ്‌സുമാര്‍ പറയുന്നു. വസ്ത്രം മാറുന്നില്ലേയെന്ന് പതിവായി ചോദിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്നതായി ഇവര്‍ വെളിപ്പെടുത്തി.
ന്യൂകാസില്‍ ട്രിബ്യൂണല്‍ സെന്ററിലെ പ്രാഥമിക ഹിയറിംഗില്‍ എട്ടില്‍ ഏഴ് നഴ്‌സുമാരും പങ്കെടുത്തു. എന്‍എച്ച്എസ് ആഭ്യന്തര അന്വേഷണം പൂര്‍ത്തിയാക്കുന്ന ഘട്ടത്തില്‍ ഒക്ടോബര്‍ വരെ കേസ് മാറ്റിവെച്ചിട്ടുണ്ട്. 'ഈ നടപടിക്രമങ്ങള്‍ പ്രധാനമാണ്. വിഷയം സങ്കീര്‍ണ്ണവും', ട്രിബ്യൂണല്‍ ജഡ്ജ് സ്റ്റുവര്‍ട്ട് റോബിന്‍സണ്‍ വ്യക്തമാക്കി.
'ഈ ജോലിയും, രോഗികളെയും ഇഷ്ടപ്പെടുന്ന നഴ്‌സുമാരാണ് ഞങ്ങള്‍. ഒരു പുരുഷന്റെ സാന്നിധ്യമില്ലാതെ ജോലിക്കായി വസ്ത്രം ധരിക്കാനും, മാറ്റാനുമുള്ള അന്തസ്സെങ്കിലും നല്‍കണമെന്നാണ് ആവശ്യം. സമൂഹത്തിലെ ഓരോ സ്ത്രീയുടെയും, പെണ്‍കുട്ടിയുടെയും സുരക്ഷയ്ക്കും, മാന്യതയ്ക്കും വേണ്ടിയാണ് ഇത് ചെയ്യുന്നത്. ഈ നിയമവിരുദ്ധമായ നയങ്ങള്‍ക്കെതിരെ പോരാട്ടം തുടരും. പിന്തുണക്കുന്നവര്‍ക്ക് നന്ദി', നഴ്‌സുമാരില്‍ ഒരാളായ ബെതാനി ഹച്ചിന്‍സണ്‍ കോടതിക്ക് പുറത്ത് പ്രതികരിച്ചു.
ലൈംഗിക പീഡനം, വിവേചനം, ഇരകളാക്കല്‍, സ്വകാര്യ ജീവിതത്തിനുള്ള അവകാശങ്ങള്‍ ലംഘിക്കല്‍ എന്നിവയുടെ പേരിലാണ് വനിതാ നഴ്‌സുമാര്‍ കൗണ്ടി ഡുര്‍ഹാം & ഡാര്‍ലിംഗ്ടണ്‍ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റിനെതിരെ പരാതി നല്‍കുന്നത്. ഇവര്‍ക്ക് ക്രിസ്ത്യന്‍ ലീഗല്‍ സെന്റര്‍ പിന്തുണ നല്‍കുന്നു. ആഭ്യന്തര അന്വേഷണം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം വേണമെന്നതിനാലാണ് കേസ് മാറ്റിവെയ്‌ക്കേണ്ടത് ആവശ്യമായി വന്നതെന്ന് എന്‍എച്ച്എസ് ട്രസ്റ്റ് അവകാശപ്പെട്ടു.