നഗരത്തില്‍ 17,000 ടണ്‍ മാലിന്യം തെരുവുകളില്‍ നിന്നും ശേഖരിക്കാതെ കുമിഞ്ഞ് കൂടുന്ന നിലയിലേക്ക് ബിന്‍ സമരം വളര്‍ന്നതോടെ ഗുരുതരാവസ്ഥ പ്രഖ്യാപിച്ച് ബര്‍മിംഗ്ഹാം സിറ്റി കൗണ്‍സില്‍. നഗരത്തില്‍ ഉടനീളം വന്‍തോതില്‍ മാലിന്യം നീക്കം ചെയ്യാതെ നിലച്ച മട്ടിലാണ്. ഉപേക്ഷിക്കപ്പെട്ട ഭക്ഷണം കഴിച്ച് എലികള്‍ പൂച്ചകളുടെ വലുപ്പത്തിലായെന്നാണ് പ്രദേശവാസികള്‍ ചൂണ്ടിക്കാണിക്കുന്നത്.
സമരം നടത്തുന്ന ബിന്‍ തൊഴിലാളികള്‍ പിക്കറ്റ് ലൈന്‍ സൃഷ്ടിച്ച് ഡിപ്പോട്ടുകളില്‍ നിന്നും മാലിന്യം ശേഖരിക്കാന്‍ ലോറികള്‍ പുറത്തിറങ്ങുന്നതിന് തടയിടുന്നതാണ് പ്രതിസന്ധിയായി മാറുന്നതെന്ന് പാപ്പരായ ബര്‍മിംഗ്ഹാം സിറ്റി കൗണ്‍സില്‍ അവകാശപ്പെട്ടു. ബര്‍മിംഗ്ഹാമിലെ യുണൈറ്റ് യൂണിയന്‍ അംഗങ്ങള്‍ സമ്പൂര്‍ണ്ണ സമരത്തില്‍ ഏര്‍പ്പെട്ടതോടെയാണ് മാലിന്യശേഖരം സ്തംഭിച്ചത്.
താല്‍ക്കാലിക ജീവനക്കാരെ നിയോഗിച്ച് മാലിന്യം ശേഖരിക്കാനാണ് കൗണ്‍സില്‍ പിടിവാശി നടത്തുന്നത്. ഈ സാഹചര്യത്തിലാണ് ഡിപ്പോട്ടുകള്‍ക്ക് മുന്നില്‍ ജോലിക്കാരുടെ പിക്കറ്റ് ലൈനുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഗുരുതര സംഭവമായി പ്രഖ്യാപിക്കുന്നത് വഴി കൗണ്‍സിലിന് സ്ട്രീറ്റ് വൃത്തിയാക്കുന്നതിനും, വഴിയില്‍ വലിച്ചെറിയുന്ന മാലിന്യം നീക്കം ചെയ്യാനും 35 അധിക വാഹനങ്ങളും, ജീവനക്കാരെയും നിയോഗിക്കാന്‍ കഴിയും.
കൂടാതെ ഈ സേവനങ്ങള്‍ക്കായി സമീപത്തുള്ള അതോറിറ്റികളുടെയും, ഗവണ്‍മെന്റിന്റെയും സഹായം തേടാം. ബര്‍മിംഗ്ഹാമിലെ സമൂഹത്തെ അപകടത്തിലാക്കുന്ന ഈ സ്ഥിതി അനുവദിക്കാന്‍ കഴിയാത്തതിനാലാണ് നടപടിയെന്ന് ബര്‍മിംഗ്ഹാം സിറ്റി കൗണ്‍സില്‍ നേതാവ് ജോണ്‍ കോട്ടണ്‍ പറഞ്ഞു. കഴിഞ്ഞ മാസം ആദ്യമാണ് 400 കൗണ്‍സില്‍ ബിന്‍ തൊഴിലാളികള്‍ ജോലിയുടെയും, ശമ്പളത്തിന്റെയും പേരില്‍ സമരം തുടങ്ങിയത്. കൗണ്‍സില്‍ പാപ്പരായി നില്‍ക്കുന്ന സാഹചര്യത്തില്‍ മാലിന്യ തൊഴിലാളികളുടെ ശമ്പളത്തെ ബാധിക്കുന്ന തരത്തിലുള്ള നടപടികള്‍ സ്വീകരിക്കുന്ന സാഹര്യത്തിലാണ് സമരം മൂര്‍ച്ഛിക്കുന്നത്.