യുകെയ്ക്ക് എതിരെ 10 ശതമാനം 'പ്രതികാര' താരിഫ് ചുമത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ലോകത്തിലെ മറ്റ് രാജ്യങ്ങള്‍ക്കെതിരെ കടുപ്പമേറിയ നികുതികള്‍ ചുമത്തിയ ശേഷമാണ് യുകെയ്ക്ക് അല്‍പ്പം ആശ്വാസം നല്‍കുന്ന താരിഫ് ചുമത്തിയത്. യുഎസിനെ ബലാത്സംഗം ചെയ്ത് ക്രൂരത കാണിക്കുന്നത് അവസാനിപ്പിക്കാനാണ് ഈ നികുതികളെന്ന് ട്രംപ് പ്രഖ്യാപിച്ചു.
എല്ലാ വിദേശ നിര്‍മ്മിത കാറുകള്‍ക്കും 25 ശതമാനം നികുതി ചുമത്തുമെന്ന് പ്രസിഡന്റ് സ്ഥിരീകരിച്ചു. ബ്രിട്ടനിലെ കാര്‍ വ്യവസായ മേഖലയ്ക്ക് കനത്ത തിരിച്ചടി നല്‍കുന്ന ഈ തീരുമാനം 25,000 തൊഴിലുകള്‍ നഷ്ടപ്പെടാന്‍ ഇടയാക്കുമെന്നാണ് മുന്നറിയിപ്പ്. മറ്റ് രാജ്യങ്ങള്‍ക്കെതിരെ 'കടുപ്പമേറിയ' ചുങ്കം ചുമത്തിയതില്‍ നിന്നും തങ്ങള്‍ രക്ഷപ്പെട്ടെന്ന ആശ്വാസമാണ് ഡൗണിംഗ് സ്ട്രീറ്റിലുള്ളത്.
ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ വാള്‍ സ്ട്രീറ്റ് സ്റ്റോക്കുകള്‍ തകര്‍ന്നു. ഇപ്പോള്‍ ലണ്ടന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലേക്കാണ് ഏവരുടെയും ശ്രദ്ധ. മറ്റ് രാജ്യങ്ങള്‍ തങ്ങള്‍ക്കെതിരെ ചുമത്തുന്ന ചുങ്കത്തിന്റെ പട്ടികയുമായാണ് ട്രംപ് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്. യൂറോപ്യന്‍ യൂണിയന് എതിരെ 20 ശതമാനം ചുങ്കം ചുമത്തുമെന്ന് ട്രംപ് പറഞ്ഞു. ചൈനയ്‌ക്കെതിരെ 34 ശതമാനവും, ഇന്ത്യക്കെതിരെ 26 ശതമാനം നികുതിയുമാണ് ചുമത്തുക. റഷ്യ ഈ പട്ടികയില്‍ ഇടംപിടിച്ചില്ലെന്നത് ശ്രദ്ധേയമാണ്.
ലിബറേഷന്‍ ഡേ എന്നു പേരിട്ടാണ് ട്രംപ് ചുങ്കം ചുമത്തലുമായി രംഗത്ത് വന്നത്. അമേരിക്കന്‍ വ്യവസായം പുനര്‍ജനിച്ച ദിവസമായി ഇതിനെ ഓര്‍മ്മിക്കുമെന്നാണ് പ്രസിഡന്റിന്റെ അവകാശവാദം. മറ്റ് രാജ്യങ്ങള്‍ യുഎസിനെ അമിതമായി കൊള്ളയടിക്കുന്നുവെന്ന് ട്രംപ് പരാതിപ്പെടുന്നു. യുഎസ് കയറ്റുമതിക്ക് യുകെ ചുമത്തുന്ന ചുങ്കത്തിന് അനുസൃതമായാണ് ഇപ്പോള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ചുങ്കമെന്ന് ട്രംപ് വ്യക്തമാക്കി.