യുകെയില്‍ സ്ത്രീകളെ തടഞ്ഞ് പരിശോധിക്കുന്ന സംഭവങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന. പുരുഷന്‍മാരെ പരിശോധിക്കുന്ന കേസുകള്‍ താഴുമ്പോഴാണ് സ്ത്രീകളെ തടഞ്ഞ് പരിശോധിക്കുന്ന കേസുകള്‍ ഉയരുന്നത്. 2024 മാര്‍ച്ചില്‍ അവസാനിച്ച വര്‍ഷത്തില്‍ ആയിരക്കണക്കിന് സ്ത്രീകളാണ് കൂടുതലായി തെരച്ചിലിന് വിധേയമായതെന്ന് ഹോം ഓഫീസ് കണക്കുകള്‍ വ്യക്തമാക്കുന്നു.
59,549 സ്ത്രീകളെയാണ് പോലീസ് തടഞ്ഞുനിര്‍ത്തി പരിശോധിച്ചത്. മുന്‍ വര്‍ഷത്തേക്കാള്‍ ഇത് 7% അധികമാണ്. ഇതേ കാലയളവില്‍ 447,952 പുരുഷന്‍മാരെയും പരിശോധിച്ചു. എന്നാല്‍ ഇതില്‍ 4% കുറവ് നേരിട്ടിട്ടുണ്ട്.
ഇതിന് പുറമെ 10,450 കേസുകളില്‍ പെണ്‍കുട്ടികള്‍ക്ക് എതിരെയാണ് ഈ രീതി ഉപയോഗിച്ചതെന്നും പോലീസ് റിഫോം ചാരിറ്റി സ്‌റ്റോപ്പ് വാച്ച് പറഞ്ഞു. എന്നാല്‍ സ്ത്രീകളില്‍ നടത്തുന്ന പരിശോധനകളില്‍ വളരെ കുറവ് സാധനങ്ങള്‍ മാത്രമാണ് ഓഫീസര്‍മാര്‍ കണ്ടെത്തുന്നതെന്ന് തെളിവുകള്‍ വ്യക്തമാക്കുകയും ചെയ്യുന്നു. കൂടാതെ പരിശോധനകളില്‍ ഭൂരിഭാഗവും യാതൊരു തുടര്‍നടപടിയും ഇല്ലാതെ അവസാനിക്കുകയാണ്.
തടഞ്ഞുനിര്‍ത്തി പരിശോധിക്കുന്ന സ്ത്രീകളെ അറസ്റ്റ് ചെയ്യുന്നതില്‍ 10% വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെന്നും ഡാറ്റ വ്യക്തമാക്കുന്നു. പുരുഷന്‍മാരുടെ അറസ്റ്റില്‍ രണ്ട് ശതമാനമാണ് വര്‍ദ്ധന. കുറ്റകൃത്യങ്ങള്‍ കുറയ്ക്കാന്‍ ഇതിലും നല്ല മാര്‍ഗ്ഗങ്ങള്‍ ഉണ്ടെന്ന് സ്റ്റോപ്പ് വാച്ച് പോളിസി ലീഡ് ജോഡി ബ്രാഡ്‌ഷോ പറയുന്നു. എന്നാല്‍ കത്തി കുറ്റകൃത്യങ്ങള്‍ തടയാന്‍ ഇത് പ്രധാന പോംവഴിയാണെന്ന് പോലീസ് വാദിക്കുന്നു.