ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ വിടവാങ്ങി. വത്തിക്കാനിലെ വസതിയില്‍ പ്രാദേശിക സമയം പുലര്‍ച്ചെ 7:35 നായിരുന്നു അന്ത്യം. 88 വയസായിരുന്നു. 11 വര്‍ഷം ആഗോള സഭയെ നയിച്ച പിതാവാണ് വിടവാങ്ങിയത് . മാര്‍പ്പാപ്പയുടെ വിയോഗത്തില്‍ അനുശോചന പ്രവാഹമാണ്.
അര്‍ജന്റീനയിലെ ബ്യുണസ് ഐറിസില്‍ 1936 ഡിസംബര്‍ ഏഴിന് ജനനം. ഹോര്‍ഗെ മരിയോ ബെര്‍ഗോളിയോ എന്നായിരുന്നു യഥാര്‍ത്ഥ പേര്. 1958 ലാണ് ഈശോ സഭയില്‍ ചേര്‍ന്നത്. 1969 ഡിസംബര്‍ 13 ന് പൗരോഹിത്യം സ്വീകരിച്ചു. 2001 ഫെബ്രുവരി ഒന്നിന് കര്‍ദിനാള്‍ ആയി. 2013 മാര്‍ച്ച് 13 ന് മാര്‍പ്പാപ്പ പദവിയിലെത്തി. കത്തോലിക്കാ സഭയുടെ 266 മത്തെ മാര്‍പ്പാപ്പ ആയിരുന്നു. ഇന്ത്യന്‍ യാത്ര എന്ന ആഗ്രഹം സഫലമാകാതെയാണ് മാര്‍പ്പാപ്പയുടെ വിയോഗം. അടുത്ത വര്‍ഷം ഇന്ത്യ സന്ദര്‍ശിക്കാനുള്ള ആഗ്രഹം മാര്‍പ്പാപ്പ പ്രകടിപ്പിച്ചിരുന്നു. പ്രധാനമന്ത്രി നേരിട്ട് ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു.
ലോകം ഉയിര്‍പ്പ് തിരുന്നാള്‍ ആഘോഷിച്ച ഇന്നലെയായിരുന്നു ഏറെ നാളുകള്‍ക്ക് ശേഷം വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലെ ബാല്‍ക്കണിയില്‍ നിന്ന് മാര്‍പാപ്പ വിശ്വാസികളെ അഭിസംബോധന ചെയ്തത്. അവസാന സന്ദേശത്തിലും ഗാസയില്‍ ഉടന്‍ തന്നെ വെടിനിര്‍ത്തല്‍ കൊണ്ടുവരണമെന്ന് ആഹ്വാനം ചെയ്ത മാര്‍പാപ്പ, ബന്ദികളെ ഉടന്‍ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചിരിക്കുകയാണെങ്കിലും ഇന്നലെ അപ്രതീക്ഷമായി അദ്ദേഹം വിശ്വാസികള്‍ക്ക് മുന്നിലെത്തുകയായിരുന്നു.
ഗാസയിലെ സാഹചര്യം പരിതാപകരമാണെന്ന് മാര്‍പാപ്പ ഇന്നലെ ചൂണ്ടികാട്ടിയിരുന്നു. ലോകത്ത് ജൂതവിരുദ്ധ മനോഭാവം വര്‍ധിച്ചുവരുന്നത് ഏറെ ആശങ്കാജനകമാണ്. ദുരിതമനുഭവിക്കുന്ന ഇസ്രയേല്‍, പലസ്തീന്‍ ജനതയ്‌ക്കൊപ്പം നില്‍ക്കുന്നുവെന്നും മാര്‍പാപ്പ വ്യക്തമാക്കി. ന്യുമോണിയ ബാധിതനായി ആശുപത്രിയിലേക്കും പോകുന്നതിന് മുന്‍പും ഗാസയിലെ സാഹചര്യത്തെ അദ്ദേഹം അപലപിച്ചിരുന്നു. പലസ്തീനിലും ഇസ്രയേലിലും കഷ്ടപ്പാടുകള്‍ അനുഭവിക്കുന്നവര്‍ക്കൊപ്പമാണ് തന്റെ മനസെന്നും പട്ടിണി കിടക്കുന്ന ഒരു ജനതയെ സഹായിക്കാന്‍ എല്ലാവരും മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ഈസ്റ്റര്‍ സന്ദേശത്തില്‍ ആവശ്യപ്പെട്ടു.
ശ്വാസകോശ അണുബാധക്കുള്ള ചികിത്സക്ക് ശേഷം വിശ്രമത്തില്‍ കഴിയുന്ന മാര്‍പാപ്പ അല്‍പനേരമാണ് സെന്റ് പീറ്റേഴ്‌സ് ബസലിക്കയുടെ ബാല്‍കണിയില്‍ വിശ്വാസികള്‍ക്ക് ദര്‍ശനം നല്‍കിയത്. സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ തടിച്ചുകൂടിയ ആയിരങ്ങള്‍ക്ക് നേരെ കൈവീശി ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നു