സഭയിലെ മാറ്റങ്ങള്‍ കൊണ്ടുവന്ന ജനകീയനായ മാര്‍പാപ്പ. ചില കാര്യങ്ങളില്‍ നിലപാട് കടുപ്പിച്ചും ചില കാര്യങ്ങളില്‍ തന്മയത്വത്തോടെയും തന്റെ അഭിപ്രായങ്ങള്‍ തുറന്നുപറഞ്ഞ ഫ്രാന്‍സിസ് മാര്‍പാപ്പ ഇനി ഓര്‍മ്മ. സ്‌നേഹത്താല്‍ സമാധാനത്തില്‍ ദൈവ സന്ദേശം ലോകത്തെ ഉദ്‌ബോധിപ്പിച്ച വ്യക്തി.
കത്തോലിക്കാ സഭയെ നവീകരിച്ച ഇടയന്‍. കാലഘട്ടത്തിനൊത്ത് മാറ്റങ്ങള്‍ കൊണ്ടുവന്ന അദ്ദേഹം സഭയിലെ നിലപാടില്‍ വ്യത്യസ്തനുമായിരുന്നു.
കത്തോലിക്കാ സഭയിലെ സാധാരണക്കാരുടെയും സ്ത്രീകളുടെയും പങ്കാളിത്തം ഉയര്‍ത്താനുള്ള പോപ്പ് ഫ്രാന്‍സിസിന്റെ നിലപാടുകള്‍ ശ്രദ്ധേയമായിരുന്നു. മുതലാളിത്തത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വിമര്‍ശനങ്ങളും ശ്രദ്ധേയമായിരുന്നു. 'ലാദാത്തോ സെ' എന്ന ചാക്രികലേഖനത്തില്‍ ആഗോളവത്കരണം അടിച്ചേല്‍പ്പിച്ച സാമ്പത്തിക അനീതികളെക്കുറിച്ച് പോപ്പ് ഫ്രാന്‍സിസ് വിശദമാക്കിയിരുന്നു.
അമേരിക്കയിലെ തീവ്രവലതുപക്ഷം വത്തിക്കാനിലെ കമ്മ്യൂണിസ്റ്റ് എന്ന് വിശേഷിപ്പിച്ചപ്പോഴും ഫ്രാന്‍സിസ് മാര്‍പാപ്പ കുലുങ്ങിയില്ല. 'ഞാന്‍ കമ്യൂണിസ്റ്റ് അല്ല. പക്ഷേ, അവര്‍ ശരിപറഞ്ഞാല്‍ അത് ശരിയാണ് എന്ന് ഞാന്‍ പറയും' എന്നായിരുന്നു ഇതിനോടുള്ള മാര്‍പാപ്പയുടെ പ്രതികരണം.
അഭയാര്‍ത്ഥികള്‍ക്കും കുടിയേറ്റക്കാര്‍ക്കും നല്‍കിയ പിന്തുണയിലൂടെയും ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തിന്റെ ആദരവ് പിടിച്ചുപറ്റി. ലാറ്റിനമേരിക്കയിലെ വിമോചന പോരാട്ടങ്ങളോട് അനുഭാവം പ്രകടിപ്പിച്ച മാര്‍പാപ്പയുടെ സമീപനവും ഏറെ ചര്‍ച്ചയായിരുന്നു. ദരിദ്രരോടുള്ള അദ്ദേഹത്തിന്റെ ഉത്കണ്ഠ ശ്രദ്ധേയമായിരുന്നു. വത്തിക്കാന്‍ പ്ലാസയെ ഭവനരഹിതരുടെ അഭയകേന്ദ്രമാക്കി അദ്ദേഹം മാറ്റി. അവരെ 'തെരുവിലെ പ്രഭുക്കന്മാര്‍' എന്ന് അദ്ദേഹം വിളിച്ചു. ഈസ്റ്ററിന് മുമ്പുള്ള വ്യാഴാഴ്ച പരമ്പരാഗത കാല്‍കഴുകല്‍ ചടങ്ങില്‍ അദ്ദേഹം കുടിയേറ്റക്കാരുടെയും തടവുകാരുടെയും പാദങ്ങള്‍ കഴുകിയും മാര്‍പാപ്പ ശ്രദ്ധേയനായി. അക്രൈസ്തവരുടെ കാലുകളും കഴുകിയും മാര്‍പാപ്പ ചരിത്രം സൃഷ്ടിച്ചു. സ്വവര്‍ഗ്ഗാനുരാഗികളോടും ലെസ്ബിയന്‍ കത്തോലിക്കരോടും കൂടുതല്‍ സ്വാഗതാര്‍ഹമായ മനോഭാവം പ്രകടിപ്പിച്ച മാര്‍പാപ്പയായിരുന്നു പോപ്പ് ഫ്രാന്‍സിസ്. വത്തിക്കാനില്‍ തന്നോടൊപ്പം ഇടപഴകാന്‍ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിലുള്ളവരെ ഫ്രാന്‍സിസ് മാര്‍പാപ്പ ക്ഷണിച്ചിരുന്നു.