വെയില്‍സ്: വെയില്‍സിലെ പന്തസാഫില്‍ സ്ഥിതിചെയ്യുന്ന വിന്‍സന്‍ഷ്യല്‍ ഡിവൈന്‍ റിട്രീറ്റ് സെന്ററില്‍ വെച്ച് മൂന്നു ദിവസത്തെ താമസിച്ചുള്ള ആന്തരിക സൗഖ്യധ്യാനം സംഘടിപ്പിക്കുന്നു. ആഗോളതലത്തില്‍ തിരുവചന പ്രഘോഷണങ്ങളും, ധ്യാനങ്ങളും, ശുശ്രുഷകളും നയിക്കുന്ന വിന്‍സന്‍ഷ്യല്‍ സഭാ സമൂഹത്തിലെ അനുഗ്രഹീത ധ്യാന ഗുരുക്കളായ ഫാ. പോള്‍ പള്ളിച്ചാംകുടിയില്‍ വീ സി, ഫാ. ഡെന്നി മണ്ഡപത്തില്‍ വീ സി എന്നീ വൈദികരാവും ആന്തരിക സൗഖ്യധ്യാനം പന്തസാഫില്‍ നയിക്കുക.
കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി ലോകമെമ്പാടും തിരുവചനം പ്രഘോഷിക്കുകയും, ദൈവീക സാന്നിദ്ധ്യവും കൃപകളും തന്റെ ശുശ്രുഷകളിലൂടെ പകരുവാന്‍ കഴിഞ്ഞിട്ടുമുള്ള അഭിഷിക്ത ധ്യാന ശുശ്രുഷകന്‍ ബ്രദര്‍ ജെയിംസ്‌കുട്ടി ചമ്പക്കുളം പന്തസാഫിലെ ആന്തരിക സൗഖ്യധ്യാനത്തില്‍ അനുഭവ സാക്ഷ്യങ്ങളും തിരുവചനങ്ങളും പങ്കുവെക്കുന്നതാണ്.
'അവിടുന്ന് ഹൃദയം തകര്‍ന്നവരെ സൗഖ്യപ്പെടുത്തുകയും, അവരുടെ മുറിവുകള്‍ വച്ചുകെട്ടുകയും ചെയ്യുന്നു' (സങ്കീര്‍ത്തനം147:3) ----------
തിരുവചന ശുശ്രുഷകളിലൂടെയും, ധ്യാനാത്മക ചിന്തകളിലൂടെയും, വിശുദ്ധ കൂദാശകളിലൂടെയും, കൗണ്‍സിലിംഗിലൂടെയും പ്രാര്‍ത്ഥനാനിര്‍ഭരമായ അന്തരീക്ഷത്തില്‍ നയിക്കുന്ന ധ്യാനം യേശുക്രിസ്തുവിന്റെ കരുണയും സ്‌നേഹവും ആഴത്തില്‍ അനുഭവിക്കുന്നതിനും, ആന്തരീക രോഗശാന്തിക്കും, ആത്മീയമായ നവീകരണത്തിനും, ആദ്ധ്യാത്മിക പോഷണത്തിനും അനുഗ്രഹദായകമാവും. വിശുദ്ധ കുര്‍ബാന, ആരാധന, രോഗശാന്തി ശുശ്രുഷകള്‍, ശക്തമായ തിരുവചന പ്രസംഗങ്ങള്‍ എന്നിവക്കുള്ള അവസരങ്ങള്‍ ദിവസേന ഉണ്ടായിരിക്കും. വ്യക്തിപരമായ പ്രാര്‍ത്ഥനകള്‍, കൗണ്‍സിലിംഗ്, കുമ്പസാരം എന്നിവക്കും സൗകര്യം ഒരുക്കിയിട്ടുണ്ട്.
1852-ല്‍ സ്ഥാപിതമായതും ഫ്രാന്‍സിസ്‌കന്‍ സമൂഹത്തിന്റെ ആസ്ഥാനവുമായിരുന്ന പന്തസാഫ് ഫ്രാന്‍സിസ്‌കന്‍ ഫ്രിയറി 2022 ല്‍ വിന്‍സെന്‍ഷ്യന്‍ സഭ ഏറ്റെടുക്കുകയായിരുന്നു. ഫ്രാന്‍സിസ്‌കന്‍ ഫ്രിയറി, സെന്റ് ഡേവിഡ്‌സ് പള്ളി. ഫ്രാന്‍സിസ്‌കന്‍ റിട്രീറ്റ് സെന്റര്‍, പാദ്രെ പിയോ ദേവാലയം, കാല്‍വരി ഹില്‍, റോസറി വേ എന്നിവ ഇപ്പോള്‍ പന്തസാഫിലെ വിന്‍സെന്‍ഷ്യന്‍ റിട്രീറ്റ് സെന്ററിന്റെ കീഴില്‍ പൂര്‍ണ്ണമായും, സജീവവുമായും പ്രവര്‍ത്തിച്ചു വരുന്നു. പ്രശസ്ത തീര്‍ത്ഥാടന കേന്ദ്രമായ ഹോളിവെല്ലില്‍ നിന്ന് 3 മൈല്‍ അകലെ സ്ഥിതി ചെയ്യുന്ന വിന്‍സന്‍ഷ്യന്‍ ധ്യാന കേന്ദ്രം, തീര്‍ത്ഥാടനത്തിനായി തുറന്നു കൊടുത്തിരിക്കുന്ന കാല്‍വരി ഹില്‍, റോസറി വേ, പാദ്രെ പിയോ ദേവാലയം എന്നിവ നൂറു കണക്കിന് തീര്‍ത്ഥാടകരാണ് നിത്യേന സന്ദര്‍ശിക്കുകയും, പ്രാര്‍ത്ഥിച്ചു പോവുന്നതും.
ആത്മീയ സൗരഭ്യം നിറഞ്ഞു നില്‍ക്കുന്ന പന്തസാഫിലെ ഫ്രാന്‍സിസ്‌കന്‍ ഫ്രയറിയിലെ ശാന്തവും, മനോഹരവും, ചരിത്ര പ്രശസ്തവുമായ വിന്‍സന്‍ഷ്യല്‍ ഡിവൈന്‍ റിട്രീറ്റ് സെന്ററില്‍ ക്രമീകരിച്ചിരിക്കുന്ന ത്രിദിന ധ്യാനം മെയ് മാസം 23, 24, 25 തീയതികളിലാവും നടത്തപ്പെടുക. മെയ് 23 ന് വെള്ളിയാഴ്ച രാവിലെ ഒമ്പതുമണിക്ക് ആരംഭിക്കുന്ന ധ്യാനം 25 ന് ഞായറാഴ്ച വൈകുന്നേരം നാലു മണിയോടെ സമാപിക്കും.
മനസ്സില്‍ തളം കെട്ടിക്കിടക്കുന്ന ജീര്‍ണ്ണതയില്‍ നിന്നും വിശുദ്ധമാക്കപ്പെടുന്നതിനും, വേദനാജനകമായ അനുഭവങ്ങളെ ദൈവ സമക്ഷം സമര്‍പ്പിച്ച് ഉത്ഥിതനായ ക്രിസ്തുവിലൂടെ രോഗശാന്തി സ്പര്‍ശം അനുഭവിക്കാനും, കൃപകളും അനുഗ്രഹങ്ങളും പ്രാപിക്കുവാനും ധ്യാന ശുശ്രുഷകളിലേക്കു ഏവരെയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു.
മൂന്നു ദിവസത്തെ ആന്തരിക സൗഖ്യധ്യാനത്തില്‍ പങ്കുചേരുന്നവര്‍ക്ക് താമസത്തിനും ഭക്ഷണത്തിനുമായി പതിവ്‌പോലെ £75 മാത്രമാണ് റജിസ്ട്രേഷന്‍ ഫീസായി എടുക്കുന്നത്. സ്ഥല പരിമിതി കാരണം ആദ്യം രെജിസ്റ്റര്‍ ചെയ്യുന്ന 80 പേര്‍ക്ക് മാത്രമേ അവസരം ഉള്ളുവെന്നതിനാല്‍ നേരത്തെ തന്നെ ബുക്ക് ചെയ്തു തങ്ങളുടെ സീറ്റുകള്‍ ഉറപ്പാക്കുവാന്‍ താല്പര്യപ്പെടുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 07417494277 / FANTASAPH @DIVINEUK.ORG
ഓണ്‍ലൈന്‍ റജിസ്ട്രേഷന്‍:
WWW.DIVINEUK.ORG
അപ്പച്ചന്‍ കണ്ണന്‍ച്ചിറ