ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് ആശ്വാസമായി ബ്രിട്ടനിലെ എനര്‍ജി ബില്ലുകള്‍ കുറയാന്‍ വഴിയൊരുങ്ങുന്നു. എനര്‍ജി പ്രൈസ് ക്യാപ്പ് കുറയ്ക്കാന്‍ എനര്‍ജി റെഗുലേറ്റര്‍ തയ്യാറായതോടെയാണ് ഈ ആശ്വാസം. പ്രൈസ് ക്യാപ്പ് 7 ശതമാനം കുറച്ച് 1720 പൗണ്ടിലേക്കാണ് എത്തിക്കുന്നത്.
ജൂലൈ മുതല്‍ ഗ്യാസ്, വൈദ്യുതി ചാര്‍ജ്ജുകള്‍ക്ക് മേലുള്ള പ്രൈസ് ക്യാപ്പ് താഴുമെന്ന് എനര്‍ജി റെഗുലേറ്റര്‍ ഓഫ്‌ജെം വ്യക്തമാക്കി. ശരാശരി വീടുകള്‍ 129 പൗണ്ടിന്റെ കുറവാണ് അനുഭവപ്പെടുക. യൂറോപ്പിലെ ഗ്യാസ് മാര്‍ക്കറ്റ് വിലയിലുണ്ടായ ഇടിവാണ് ഇതിന് സഹായകമായത്.
മൂന്ന് തവണ തുടര്‍ച്ചയായി പ്രൈസ് ക്യാപ്പ് വര്‍ദ്ധിച്ച ശേഷമാണ് ഈ ഇളവ്. മൂന്ന് വര്‍ഷം മുന്‍പ് ഉക്രെയിനില്‍ റഷ്യ യുദ്ധം ആരംഭിച്ചതിന് മുന്‍പത്തേക്കാള്‍ പ്രതിവര്‍ഷം 600 പൗണ്ട് അധികമാണ് ഇപ്പോഴും ഭവനങ്ങളുടെ ബില്ലുകള്‍.
ജൂലൈയില്‍ ക്യാപ്പ് കുറയുന്നതോടെ വേരിയബിള്‍ താരിഫിലുള്ള 9 മില്ല്യണ്‍ കുടുംബങ്ങള്‍ക്ക് അടിയന്തരമായി മാറ്റം കൈവരും. ഉപയോഗത്തിന് അനുസരിച്ച് ബില്‍ മാറുമെന്നതിനാല്‍ ശരാശരി ഉപയോഗം കൂടുതലുള്ളവര്‍ക്ക് ഉയര്‍ന്ന ബില്‍ അടയ്‌ക്കേണ്ടി വരും.
കഴിഞ്ഞ മാസം ഡയറക്ട് ഡെബിറ്റിലുള്ള ബ്രിട്ടീഷ് ഭവനങ്ങള്‍ക്ക് റെക്കോര്‍ഡ് തോതില്‍ ബില്‍ അടയ്ക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് കണക്ക്. ഇവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ ആവശ്യത്തിന് പണമില്ലാത്തതാണ് ഈ സ്ഥിതിക്ക് ഇടയാക്കുന്നതെന്ന് ഔദ്യോഗിക ഡാറ്റ തന്നെ സമ്മതിക്കുന്നു.