ഗാസയുടെ നിയന്ത്രണം ഇസ്രയേല്‍ സമ്പൂര്‍ണ്ണമായി ഏറ്റെടുക്കുമെന്ന് ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രഖ്യാപനം. എന്നാല്‍ സൈനിക നീക്കം അടുത്ത തലത്തിലേക്ക് ഉയര്‍ത്താനുള്ള ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ നീക്കത്തിന് എതിരെ മൂന്ന് പ്രധാന സഖ്യകക്ഷികള്‍ രംഗത്ത് വന്നു.
ബ്രിട്ടന് പുറമെ ഫ്രാന്‍സും, കാനഡയുമാണ് ഇസ്രയേലിന്റെ യുദ്ധ വിപുലീകരണം അനാവശ്യമാണെന്ന് കുറ്റപ്പെടുത്തുന്നത്. ഗാസയിലെ സ്ഥിതി അസഹനീയമാണെന്ന് ചൂണ്ടിക്കാണിക്കുന്ന ഈ രാജ്യങ്ങള്‍ ഇസ്രയേലിന്റെ നടപടി മുന്നോട്ട് പോയാല്‍ കൃത്യമായ തിരിച്ചടി വരുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു.
പലസ്തീന്‍ ഗാസയില്‍ ബാക്കിയുള്ളതെല്ലാം ഇനി ഇല്ലാതാക്കുമെന്ന് ധനകാര്യ മന്ത്രി ബെന്‍സലേല്‍ സ്‌മോട്രിച്ച് വ്യക്തമാക്കി. എന്നാല്‍ നെതന്യാഹു ഗവണ്‍മെന്റിന്റെ ഇത്തരം നടപടികള്‍ക്കൊപ്പം നില്‍ക്കില്ലെന്ന് മൂന്ന് സഖ്യകക്ഷി ഗവണ്‍മെന്റുകളുടെ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
എന്നാല്‍ സമ്പൂര്‍ണ്ണ വിജയം നേടുന്നത് വരെ ഇസ്രയേല്‍ പോരാട്ടം തുടരുമെന്ന് നെതന്യാഹു പ്രതികരിച്ചു. 'ലണ്ടന്‍, ഒട്ടാവ, പാരീസ് എന്നിവിടങ്ങളിലെ നേതാക്കള്‍ ഒക്ടോബര്‍ 7ന് ഇസ്രയേലില്‍ വംശഹത്യ നടത്തിയ ഹമാസിന് വലിയ സമ്മാനമാണ് നല്‍കുന്നത്, ഇത്തരം അതിക്രമങ്ങളെ വീണ്ടും ക്ഷണിച്ച് വരുത്തുകയാണ്', നെതന്യാഹു പറഞ്ഞു.