CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
27 Minutes 50 Seconds Ago
Breaking Now

ഇന്ത്യക്കാരിയായ ഭാര്യയെ കൊന്ന് കാറിന്റെ ഡിക്കിയില്‍ ഉപേക്ഷിച്ച് മുങ്ങിയ കൊലയാളിയെ കുറിച്ച് പുതിയ വിവരം; ഹര്‍ഷിത ബ്രെല്ലാ കേസിലെ പ്രതി വന്‍തോതില്‍ പണം പിന്‍വലിച്ചതായി കണ്ടെത്തല്‍; പങ്കജ് ലാംബയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് സമ്മാനത്തുക പ്രഖ്യാപിച്ച് ഡല്‍ഹി പോലീസ്

ഇന്ത്യയില്‍ വിവാഹിതരായ ശേഷം 2024 ഏപ്രിലിലാണ് ബ്രെല്ല ലാംബയ്‌ക്കൊപ്പം യുകെയിലെത്തിയത്

യുകെയില്‍ ഇന്ത്യക്കാരിയായ ഭാര്യയെ കൊലപ്പെടുത്തി നാട്ടിലേക്ക് മുങ്ങിയ ഇന്ത്യന്‍ വംശജനായ കൊലയാളിയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് സമ്മാനത്തുക പ്രഖ്യാപിച്ച് ഇന്ത്യന്‍ പോലീസ്. ഭാര്യയെ കൊലപ്പെടുത്തി കാറിന്റെ ഡിക്കിയില്‍ ഉപേക്ഷിച്ച് മുങ്ങിയ പ്രതി ഇന്ത്യയിലെത്തിയെന്നാണ് കരുതുന്നത്. 

കഴിഞ്ഞ വര്‍ഷം നവംബര്‍ 10-നാണ് നോര്‍ത്താംപ്ടണ്‍ഷയറിലെ കോര്‍ബിയിലുള്ള വീട്ടില്‍ വെച്ച് പങ്കജ് ലാംബ ഭാര്യ ഹര്‍ഷിത ബ്രെല്ലയെ കൊലപ്പെടുത്തിയത്. കൊലപാതകം നടന്ന് നാലാം ദിവസമാണ് 24-കാരി ബ്രെല്ലയുടെ മൃതദേഹം ഈസ്റ്റ് ലണ്ടന്‍ ഇല്‍ഫോര്‍ഡില്‍ നിര്‍ത്തിയിട്ട ഒരു വോക്‌സ്ഹാള്‍ കോഴ്‌സയില്‍ നിന്നുമാണ് പോലീസ് കണ്ടെത്തുന്നത്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ ശ്വാസംമുട്ടിച്ചാണ് യുവതിയെ കൊലപ്പെടുത്തിയതെന്ന് സ്ഥിരീകരിച്ചു. 

23-കാരനായ ലാംബയ്ക്ക് എതിരെ കൊലപാതകത്തിന് പുറമെ ബലാത്സംഗവും, മറ്റ് കുറ്റകൃത്യങ്ങള്‍ക്കും കേസ് ചുമത്തിയിട്ടുണ്ട്. ഇയാള്‍ രാജ്യം വിട്ട് ഇന്ത്യയിലെത്തിയതായി നോര്‍ത്താംപ്ടണ്‍ പോലീസ് കരുതുന്നു. ഇന്ത്യയില്‍ ലാംബയെ കുറിച്ച് വിവരം നല്‍കുന്നത് 50,000 രൂപ സമ്മാനത്തുക പ്രഖ്യാപിച്ചിരിക്കുകയാണ് ഡല്‍ഹി പോലീസ്. 

ലാംബയെ തലസ്ഥാനത്ത് കണ്ടതായി റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് പോലീസ് 'ലുക്ക്ഔട്ട് നോട്ടീസ്' പുറപ്പെടുവിച്ചിട്ടുണ്ട്. ഇയാള്‍ രാജ്യം വിടുന്നത് തടയാനാണ് ശ്രമം. മാര്‍ച്ച് 4ന് ക്ലിനിക്കല്‍ മാസ്‌ക് ധരിച്ച് എത്തിയ ലാംബ ഒരു ബാങ്കില്‍ നിന്നും 4.3 ലക്ഷം രൂപ പിന്‍വലിക്കുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതോടെയാണ് ഇയാള്‍ ഡല്‍ഹിയില്‍ ഉള്ളതായി വ്യക്തമായത്. 

ഇതേ ദിവസം മറ്റൊരു ബാങ്കില്‍ നിന്നും 21,000 രൂപയും പിന്‍വലിച്ചിട്ടുണ്ട്. ഡല്‍ഹി പോലീസ് ഇയാളെ പ്രഖ്യാപിത കുറ്റവാളിയായി പ്രഖ്യാപിച്ചിട്ടുണ്ട്. നോര്‍ത്താംപ്ടണ്‍ഷയര്‍ പോലീസില്‍ നിന്നും ബ്രെല്ലയുടെ കൊലപാതകം സംബന്ധിച്ച വിവരങ്ങളും തേടിയിട്ടുണ്ട്. ലാംബയുടെ മൊബൈല്‍ ഫോണ്‍ ഒരു റിക്ഷയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇയാളുടെ സഹോദരി ഉള്‍പ്പെടെയുള്ളവരെ പോലീസ് ചോദ്യം ചെയ്‌തെങ്കിലും ഒന്നും അറിയില്ലെന്ന നിലപാടിലാണ് ഇവര്‍. 

ഇന്ത്യയില്‍ വിവാഹിതരായ ശേഷം 2024 ഏപ്രിലിലാണ് ബ്രെല്ല ലാംബയ്‌ക്കൊപ്പം യുകെയിലെത്തിയത്. എന്നാല്‍ ഏഴാം മാസം ഇവര്‍ ഭര്‍ത്താവിന്റെ കൈകളാല്‍ കൊല്ലപ്പെട്ടു. 




കൂടുതല്‍വാര്‍ത്തകള്‍.