യുകെ ഗവണ്‍മെന്റിന്റെ കടമെടുപ്പ് തകൃതിയായി തുടരുന്നുവെന്ന് കണക്കുകള്‍ പുറത്തുവന്നതോടെ ചാന്‍സലര്‍ സമ്മര്‍ദത്തില്‍. പബ്ലിക് സര്‍വ്വീസുകള്‍ക്ക് ചെലവ് ചുരുക്കാന്‍ നിര്‍ദ്ദേശം നല്‍കിയതിന് പുറമെ സമ്പദ് വ്യവസ്ഥയെ വളര്‍ത്താനുമുള്ള ശ്രമങ്ങളില്‍ ഏര്‍പ്പെട്ട റേച്ചല്‍ റീവ്‌സിന്റെ പദ്ധതികള്‍ ഫലം കാണുന്നില്ലെന്നാണ് ആശങ്ക ഉയരുന്നത്.
ലേബര്‍ ഗവണ്‍മെന്റ് നടപ്പാക്കിയ വന്‍ നികുതി ഭാരം ചാന്‍സലര്‍ക്ക് മേല്‍ സമ്മര്‍ദം വര്‍ദ്ധിപ്പിക്കുകയാണ്. ഇതിനിടെയാണ് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് പബ്ലിക് സെക്ടറിലെ നെറ്റ് കടമെടുപ്പ് 20.2 ബില്ല്യണ്‍ പൗണ്ടായി ഉയര്‍ന്നുവെന്ന് വ്യക്തമാകുന്നത്. ഏപ്രില്‍ മാസത്തിലെ കണക്കുകള്‍ ഒരു മാസം മുന്‍പത്തേക്കാള്‍ 1 ബില്ല്യണ്‍ പൗണ്ട് അധികരിക്കുന്നതാണ്.
1993 മുതലുള്ള കണക്കുകള്‍ പ്രകാരം നാലാമത്തെ ഉയര്‍ന്ന ഏപ്രില്‍ മാസത്തിലെ കടമെടുപ്പാണ് ഇത്. ഓട്ടം ബജറ്റില്‍ റീവ്‌സ് പ്രഖ്യാപിച്ച എംപ്ലോയ്‌മെന്റ് നികുതി വര്‍ദ്ധന ഉള്‍പ്പെടെ നടപ്പാക്കിയ ശേഷമാണ് ഈ കണക്കുകള്‍ എന്നതാണ് പ്രശ്‌നമാകുന്നത്.
പൊതുഖജനാവിന്റെ നിയന്ത്രണം കടുപ്പിക്കുമെന്ന് ചാന്‍സലര്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് ഇക്കാര്യത്തില്‍ മാറ്റം വരുന്നില്ലെന്ന് വ്യക്തമാകുന്നത്. സമ്പത്തിന്മേല്‍ കൂടുതല്‍ നികുതികള്‍ ഏര്‍പ്പെടുത്താന്‍ ഉപപ്രധാനമന്ത്രി ആഞ്ചെല റെയ്‌നര്‍ ചാന്‍സലറോട് ആവശ്യപ്പെട്ടതായാണ് വിവരം. ചെലവ് ചുരുക്കാനായി വിന്റര്‍ ഫ്യൂവല്‍ പേയ്‌മെന്റ് യോഗ്യത കടുപ്പിച്ചത് തെരഞ്ഞെടുപ്പില്‍ തിരിച്ചടിച്ചിരുന്നു.