ധനിക ലോകത്തെ 'ഗുരുതര രോഗിയായി' മാറി യുകെ. മയക്കുമരുന്ന്, ആത്മഹത്യ, അതിക്രമങ്ങള്‍ എന്നിവയിലൂടെ മരിക്കുന്ന ആളുകളുടെ എണ്ണമേറുന്നതാണ് ഈ ചീത്തപ്പേരിന് പിന്നില്‍. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ 50 വയസ്സില്‍ താഴെയുള്ള ആളുകളുടെ മരണനിരക്ക് ആശങ്ക ഉയര്‍ത്തുന്ന വിധത്തില്‍ വളരുകയാണ്.
മറ്റ് ധനിക രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ യുകെയുടെ ഈ അവസ്ഥ വളരെ മോശമായി മാറുന്നുവെന്ന് അന്താരാഷ്ട്ര പഠനങ്ങള്‍ വ്യക്തമാക്കുന്നു. ക്യാന്‍സര്‍, ഹൃദ്രോഗം പോലുള്ള രോഗങ്ങള്‍ മൂലമുള്ള മരണസംഖ്യ കുറയ്ക്കാന്‍ രാജ്യത്തിന് സാധിക്കുമ്പോഴാണ് മറ്റ് വഴികള്‍ തടസ്സം സൃഷ്ടിക്കുന്നത്.
പരുക്കേറ്റും, അപകടങ്ങളിലും, വിഷം കഴിച്ചുമുള്ള മരങ്ങളുടെ എണ്ണമാണ് ഉയരുന്നത്. ഇതില്‍ വലിയൊരു വിഭാഗവും അനധികൃത മയക്കുമരുന്നുകളുടെ ഉപയോഗം മൂലമാണ് സംഭവിക്കുന്നത്. മറ്റ് ധനിക രാജ്യങ്ങള്‍ ഇത്തരം പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ മെച്ചപ്പെടുത്തലുകള്‍ നടത്തുമ്പോള്‍ ബ്രിട്ടന്റെ സ്ഥിതി മോശമാണ്.
മയക്കുമരുന്ന് ഉപയോഗിച്ചുള്ള മരണങ്ങള്‍ ബ്രിട്ടനില്‍ നാടകീയമായാണ് ഉയര്‍ന്നിരിക്കുന്നത്. 2019-ലെ കണക്കുകളെ അപേക്ഷിച്ച് മൂന്നിരട്ടിയാണ് വര്‍ദ്ധന. സ്ത്രീയും, പുരുഷനും തമ്മില്‍ ഈ കണക്കുകളില്‍ വ്യത്യാസമില്ലെന്നതും ഭയപ്പെടുത്തുന്നു. 22 രാജ്യങ്ങളിലെ കണക്കുകള്‍ പരിശോധിച്ചതില്‍ നിന്നുമാണ് 'യുകെയുടെ ആരോഗ്യം ക്ഷയിക്കുന്നതായി' ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീന്‍ & ട്രോപ്പിക്കല്‍ മെഡിസിന്‍ റിപ്പോര്‍ട്ടില്‍ കുറിച്ചത്.
ജോലി ചെയ്യാന്‍ പ്രായത്തിലുള്ള 25 മുതല്‍ 49 വയസ്സ് വരെയുള്ളവരില്‍ മരണസംഖ്യ ഉയരുന്നത് യുകെയ്ക്ക് ആശങ്കപ്പെടാന്‍ കാരണമാകുന്നു. സ്ത്രീകള്‍ക്കിടയിലെ മരണങ്ങള്‍ 46 ശതമാനവും, പുരുഷന്‍മാരില്‍ 31 ശതമാനവുമാണ് ഉയര്‍ന്നത്. 1990 മുതല്‍ 2023 വരെ എത്തിയപ്പോഴാണ് ഈ കുതിപ്പ്.