തുടര്‍ച്ചയായ രണ്ടാം മാസവും യുകെയിലെ വീടുകള്‍ക്കായി ആവശ്യപ്പെടുന്ന ശരാശരി വിലയില്‍ പുതിയ റെക്കോര്‍ഡ് വര്‍ദ്ധന. മേയ് മാസത്തില്‍ വീട് വില്‍പ്പനയ്ക്ക് വെച്ചവര്‍ ചോദിച്ച വിലയാണ് ശരാശരി 380,000 പൗണ്ടിലേക്ക് ഉയര്‍ന്നതെന്ന് റൈറ്റ്മൂവ് പ്രോപ്പര്‍ട്ടി വെബ്‌സൈറ്റ് വ്യക്തമാക്കി.
ബ്രിട്ടനിലെ വിവിധ ഭാഗങ്ങളിലെ വീടുകള്‍ക്കായി ചോദിക്കുന്ന വിലയാണ് വിപണിയില്‍ 2335 പൗണ്ട് വെച്ച് വര്‍ദ്ധിച്ചിരിക്കുന്നത്. ഏപ്രില്‍ മാസത്തില്‍ നിന്നും മേയ് മാസത്തിലേക്ക് എത്തിയപ്പോള്‍ 0.6% വര്‍ദ്ധനവ് വന്നതായാണ് റൈറ്റ്മൂവ് കണ്ടെത്തിയത്. ഇതോടെ ശരാശരി ചോദിക്കുന്ന വില 379,517 പൗണ്ടെന്ന പുതിയ റെക്കോര്‍ഡ് കീഴടക്കി. കഴിഞ്ഞ മാസമാണ് ഇതിന് മുന്‍പുള്ള റെക്കോര്‍ഡ് സൃഷ്ടിക്കപ്പെട്ടത്.
തുടര്‍ച്ചയായ അഞ്ചാം വര്‍ഷമാണ് ചോദിക്കുന്ന വില മേയ് മാസത്തില്‍ വര്‍ദ്ധിക്കുന്നത്. ബ്രിട്ടീഷ് പ്രോപ്പര്‍ട്ടി വിപണി പരമ്പരാഗതമായി തിരക്കുപിടിക്കുന്ന മാസമാണ് ഇത്. അതേസമയം 2016 മുതലുള്ള കണക്കുകള്‍ വെച്ച് നോക്കുമ്പോള്‍ പ്രതിമാസ സീസണല്‍ വര്‍ദ്ധന ഏറ്റവും കുറഞ്ഞ തോതിലാണ്. പ്രത്യേകിച്ച് വിപണിയില്‍ വില്‍പ്പനയ്ക്കുള്ള വീടുകളുടെ എണ്ണം ഒരു ദശകത്തിനിടെയുള്ള ഉയര്‍ന്ന നിലയിലാണ്.
ഈ സ്പ്രിംഗ് സീസണില്‍ പ്രോപ്പര്‍ട്ടി മാര്‍ക്കറ്റ് പതിവില്‍ കുറഞ്ഞ ആവേശമാണ് പ്രകടമാക്കിയത്. പുതുതായി വീട് വാങ്ങുന്നവരില്‍ നിന്നുള്ള ഡിമാന്‍ഡ് കുറഞ്ഞതാണ് കാരണം. വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ സ്റ്റാമ്പ് ഡ്യൂട്ടി കുറച്ചതിന്റെ ഗുണം ലഭിക്കാനായി ഇംഗ്ലണ്ടിലെയും, നോര്‍ത്തേണ്‍ അയര്‍ലണ്ടിലെയും വാങ്ങലുകാര്‍ പോരാട്ടം നടത്തിയിരുന്നു.