ഇമിഗ്രേഷന്‍ കൈകാര്യം ചെയ്തില്ലെങ്കില്‍ ബ്രിട്ടന്‍ 'അപരിചിതരുടെ ദ്വീപായി' മാറുമെന്ന ആശങ്കയാണ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ പങ്കുവെച്ചത്. എന്നാല്‍ ലേബറിന്റെ പുതിയ നിലപാട് അധികം വൈകാതെ തന്നെ വിവാദമായി മാറുകയും ചെയ്തു. എന്നാല്‍ പ്രധാനമന്ത്രിയുടെ വാക്കുകള്‍ സത്യമാണെന്നാണ് സര്‍വ്വെ വ്യക്തമാക്കുന്നത്. പക്ഷെ സ്വന്തം നാട്ടില്‍ അപരിചിതരായി കഴിയുന്നതിന് 'കാരണങ്ങള്‍' മറ്റ് പലതുമാണെന്ന് മാത്രം!
മോര്‍ ഇന്‍ കോമണ്‍ നടത്തിയ സര്‍വ്വെയിലാണ് ഈ അവസ്ഥയെ കുറിച്ച് ജനങ്ങളോട് ചോദ്യം ഉയര്‍ന്നത്. പ്രധാനമന്ത്രി പറഞ്ഞത് പോലെ കുടിയേറ്റമല്ല 'അപരിചിതരുടെ ദ്വീപ്' സൃഷ്ടിക്കുന്നതെന്ന് ജനങ്ങള്‍ പറയുന്നു. ഇതിന് പകരം സമ്പത്താണ് ഈ ഒറ്റപ്പെടലിന് പ്രധാന കാരണമായി ഗവേഷണം ചൂണ്ടിക്കാണിക്കുന്നത്. രാജ്യത്തെ ഏറ്റവും പാവപ്പെട്ടവര്‍ക്കാണ് ഈ അപരിചിതത്വം കൂടുതല്‍ അനുഭവിക്കുന്നത്.
ജീവിതച്ചെലവാണ് ഇതിലേക്ക് പ്രധാനമായി സംഭാവന നല്‍കുന്നത്. കൂടാതെ ബ്രിട്ടീഷ് വെള്ളക്കാരും, കറുത്തവരും പറയുന്നതിനേക്കാള്‍ കൂടുതല്‍ ഈ വേര്‍തിരിവ് അനുഭവിക്കുന്നത് ഏഷ്യന്‍, ഏഷ്യന്‍ ബ്രിട്ടീഷ് വംശജരാണെന്നും സര്‍വ്വെയില്‍ വ്യക്തമാകുന്നു.
എന്തായാലും ലേബറിന്റെ കുടിയേറ്റ വിരുദ്ധ നിലപാട് അവരുടെ വോട്ടുകളെ ചോര്‍ത്തുമെന്നാണ് ഇപ്പോള്‍ മുന്നറിയിപ്പ് വരുന്നത്. കറുത്തവരും, ഏഷ്യന്‍ വോട്ടര്‍മാരും ലേബറിനെ കൈവിടാന്‍ സാധ്യത കൂടുന്നുവെന്നാണ് കരുതുന്നത്. അനിയന്ത്രിതമായ കുടിയേറ്റം ബ്രിട്ടീഷ് സമൂഹത്തില്‍ കണക്കാക്കാന്‍ കഴിയാത്ത നാശനഷ്ടം സൃഷ്ടിച്ചതായാണ് പ്രധാനമന്ത്രി അവകാശപ്പെട്ടത്.