CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 7 Minutes 20 Seconds Ago
Breaking Now

'തൊട്ടുപോകരുത്'! കാനഡ വിഷയത്തില്‍ 'ഇടപെടാന്‍' ചാള്‍സ് രാജാവ് തയ്യാറാകുമോ? അയല്‍രാജ്യത്തെ 51-ാം സ്‌റ്റേറ്റാക്കാന്‍ കൊതിക്കുന്ന ട്രംപിനെ ചൊറിഞ്ഞാല്‍ സ്ഥിതി എന്താകും? അടുത്ത മാസം ഒട്ടാവയില്‍ പാര്‍ലമെന്റ് സമാരംഭിക്കുമ്പോള്‍ രാജാവ് എന്ത് പ്രസ്താവന നടത്തുമെന്ന് ജിജ്ഞാസ

കാനഡയുടെ പേരില്‍ ട്രംപുമായി കൊമ്പുകോര്‍ക്കുന്നത് യുകെയുടെ ട്രംപ് നയതന്ത്രത്തെ ബാധിക്കാതെ നോക്കുകയും വേണം

കനേഡിയന്‍ പാര്‍ലമെന്റിന്റെ സമാരംഭം കുറിച്ച് ചാള്‍സ് രാജാവ് പ്രസംഗിക്കുമ്പോള്‍ അത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനിട്ടുള്ള കൊട്ട് കൂടിയായി മാറുമോയെന്ന് കാത്തിരിപ്പ്. കാനഡയെ അമേരിക്കയുടെ 51-ാമത് സ്റ്റേറ്റായി മാറ്റുമെന്നാണ് യുഎസ് പ്രസിഡന്റ് ആവര്‍ത്തിച്ച് വരുന്നത്. ഈ പ്രഖ്യാപനങ്ങളുടെ ബലത്തിലാണ് കാനഡ തെരഞ്ഞെടുപ്പില്‍ മുന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ കൂടിയായ മാര്‍ക്ക് കാര്‍ണി വന്‍വിജയം നേടി പ്രധാനമന്ത്രി പദം ഉറപ്പിച്ചത്. 

അതുകൊണ്ട് തന്നെ പാര്‍ലമെന്റിന്റെ സമാരംഭം കുറിച്ച് ചാള്‍സ് രാജാവ് നടത്തുന്ന പ്രസംഗത്തിന് പ്രസക്തി ഏറെയാണ്. ട്രംപിനെതിരെ 'കാനഡയില്‍ നിന്നും കൈയെടുക്കാനുള്ള' ഉപദേശം കൂടി രാജാവ് നല്‍കുമെന്നാണ് കരുതുന്നത്. മേയ് 27നാണ് ഒട്ടാവയില്‍ പുതിയ സെഷന്‍ ആരംഭിക്കുന്നത്. ഈ ദിവസം പരമ്പരാഗതമായി നല്‍കുന്ന രാജകസേരയുടെ പ്രസംഗം ഉണ്ടാകും. 50 വര്‍ഷത്തിനിടെ ആദ്യമായാണ് ഒരു രാജാവ് ഇത് നിര്‍വ്വഹിക്കുന്നത്. 

രാജകീയ സന്ദര്‍ശനം ഈ സുപ്രധാന ഘട്ടത്തില്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ നിലപാടുകള്‍ക്ക് വിരുദ്ധമാണ്. കാഡനയുടെ ഹെഡ് ഓഫ് സ്റ്റേറ്റ് കൂടിയാണ് ബ്രിട്ടീഷ് രാജാവ്. അതുകൊണ്ട് തന്നെ അല്‍പ്പം കൂടി സ്വരം കടുപ്പിച്ച് കാനഡയ്ക്ക് മേലുള്ള മോഹം മാറ്റിവെച്ചേക്ക് എന്ന് പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. 

കനേഡിയന്‍ ഗവണ്‍മെന്റ് അജണ്ട ഉള്‍പ്പെടെ പ്രസംഗത്തില്‍ പ്രഖ്യാപിക്കും. സാധാരണമായി രാഷ്ട്രീയത്തില്‍ ന്യൂട്രലായി നില്‍ക്കുന്ന രാജകുടുംബം കാനഡ വിഷയത്തില്‍ ഒരു സൂചന നല്‍കുമെന്നാണ് പ്രതീക്ഷ. അതേസമയം കാനഡയുടെ പേരില്‍ ട്രംപുമായി കൊമ്പുകോര്‍ക്കുന്നത് യുകെയുടെ ട്രംപ് നയതന്ത്രത്തെ ബാധിക്കാതെ നോക്കുകയും വേണം. 




കൂടുതല്‍വാര്‍ത്തകള്‍.