യുകെയുടെ പണപ്പെരുപ്പം ഏവരും പ്രതീക്ഷിച്ചതിലും അപ്പുറത്തേക്ക് കുതിച്ചത് ബാങ്ക് ഓഫ് ഇംഗ്ലണ്ടിനെ അസ്വസ്ഥമാക്കുകയാണ്. വളര്‍ച്ചയെ ത്വരിതപ്പെടുത്താന്‍ പലിശ നിരക്ക് കുറയ്ക്കണമെന്ന ആവശ്യം ഒരു ഭാഗത്ത് ശക്തമാകുമ്പോഴാണ് പണപ്പെരുപ്പം സകല പ്രതീക്ഷകളും അസ്ഥാനത്താക്കി കുതിച്ചത്. ഇനി പലിശ നിരക്ക് കുറച്ച് വളര്‍ച്ചയെ ഉത്തേജിപ്പിക്കണോ, നിലനിര്‍ത്തി വിലക്കയറ്റം പിടിച്ചുനിര്‍ത്തണോ എന്ന സംശയത്തിലാണ് കേന്ദ്ര ബാങ്ക്.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തുന്ന ആഗോള വ്യാപാര യുദ്ധം സാമ്പത്തിക വളര്‍ച്ചയെ പിന്നോട്ടടിക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. ഈ ഘട്ടത്തില്‍ പണപ്പെരുപ്പം കുറയ്ക്കാനും, സാമ്പത്തിക പുരോഗതി ഉറപ്പാക്കാനും ഒരേ സമയം ശ്രമിക്കേണ്ട അവസ്ഥയിലാണ് അധികൃതര്‍. ഏപ്രില്‍ മാസത്തിലെ പണപ്പെരുപ്പ നിരക്ക് പരിഗണിക്കുമ്പോള്‍ ആവശ്യപ്പെടുന്ന തോതില്‍ പലിശ നിരക്ക് കുറയ്ക്കാനും അവര്‍ക്ക് ബുദ്ധിമുട്ടാകും.
എന്നാല്‍ പണപ്പെരുപ്പം ഉയരുന്നത് താല്‍ക്കാലികമായിരിക്കുമെന്ന മറുവാദവും ഉയരുന്നുണ്ട്. ഗവണ്‍മെന്റിന്റെ 25 ബില്ല്യണ്‍ പൗണ്ട് വാരിക്കൂട്ടുന്ന എംപ്ലോയര്‍ നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ദ്ധന തിരിച്ചടിക്കുമെന്ന് ബിസിനസ്സുകള്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് കഴിഞ്ഞ മാസം നിലവില്‍ വന്നതോടെ ഈ ഭാരം ഉയര്‍ന്ന വിലയായി ബിസിനസ്സുകള്‍ ഉപഭോക്താക്കളിലേക്ക് കൈമാറി.
വിലക്കയറ്റത്തിന് പ്രധാന കാരണം എന്‍ഐസികളുടെ വര്‍ദ്ധനയാണെന്നാണ് ചില സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. തൊഴിലില്ലായ്മ നിരക്ക് നാല് വര്‍ഷത്തിനിടെ ഉയര്‍ന്ന നിരക്കിലേക്കും എത്തിയിട്ടുണ്ട്. ഈ അവസ്ഥയില്‍ ഏത് വഴിക്ക് തീരുമാനമെടുക്കുമെന്നത് മോര്‍ട്ട്‌ഗേജ് വിപണിയെ സംബന്ധിച്ച് ഏറെ പ്രധാനമാണ്. നിരക്ക് കുറഞ്ഞാല്‍ ആശ്വാസമാകുമെങ്കിലും ഇതിനുള്ള സാധ്യത എത്രത്തോളമാണെന്നത് അനിശ്ചിതാവസ്ഥയില്‍ തുടരുകയാണ്.