ബ്രിട്ടനിലെ ജയിലുകളില്‍ സ്ഥലപരിമിതി ഒരു വലിയ തലവേദനയാണ്. ഇതിന്റെ പേരില്‍ ക്രിമിനല്‍ ശിക്ഷ ഏറ്റുവാങ്ങുന്ന തടവുകാരെ ശിക്ഷ പൂര്‍ത്തിയാക്കാതെ തന്നെ വിട്ടയയ്ക്കാനുള്ള സ്‌കീമുകള്‍ ഗവണ്‍മെന്റ് നടപ്പാക്കിയിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി വിദേശ ക്രിമിനലുകള്‍ക്ക് ശിക്ഷയുടെ ചെറിയൊരു ഭാഗം മാത്രം അനുഭവിച്ച ശേഷമോ, ശിക്ഷ അനുഭവിക്കാതെ തന്നെയോ നാടുകടത്താനുള്ള നീക്കമാണ് അണിയറയില്‍ ഒരുങ്ങുന്നത്.
ലേബര്‍ ഗവണ്‍മെന്റ് പ്രഖ്യാപിച്ച റിവ്യൂവിലാണ് വിദേശ ക്രിമിനലുകളെ ശിക്ഷ പൂര്‍ത്തിയാക്കാതെ മുന്‍കൂര്‍ വിട്ടയയ്ക്കാന്‍ സാധ്യത തെളിയുന്നത്. നിലവില്‍ ശിക്ഷയുടെ 50 ശതമാനം അനുഭവിച്ച് കഴിഞ്ഞാല്‍ വിദേശ ക്രിമിനലുകളെ നാടുകടത്താന്‍ വ്യവസ്ഥയുണ്ട്. ഇത് 30 ശതമാനത്തിലേക്ക് കൊണ്ടുവരാനാണ് റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നത്.
എന്നാല്‍ കഴിഞ്ഞ വര്‍ഷം ജസ്റ്റിസ് സെക്രട്ടറി ഷബാന മഹ്മൂദ് പ്രഖ്യാപിച്ച മുന്‍കൂര്‍ വിട്ടയയ്ക്കാനുള്ള സ്‌കീമിനൊപ്പം ചേര്‍ക്കുമ്പോള്‍ വിദേശ ക്രിമിനലുകള്‍ക്ക് കേവലം 12 ശതമാനം ശിക്ഷ മാത്രം അനുഭവിച്ചാല്‍ നാടുവിടാമെന്ന സ്ഥിതിയാകും. മൂന്ന് വര്‍ഷത്തില്‍ താഴെ ശിക്ഷ ലഭിക്കുന്ന വിദേശ കുറ്റവാളികളെ അടിയന്തരമായി നാടുകടത്താനും സ്വതന്ത്ര റിവ്യൂ നിര്‍ദ്ദേശിക്കുന്നു.
മുന്‍ ടോറി ജസ്റ്റിസ് സെക്രട്ടറി ഡേവിഡ് ഗേയ്ക്കാണ് റിവ്യൂവിന് നേതൃത്വം നല്‍കുന്നത്. മന്ത്രിമാര്‍ ഈ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുമെന്നാണ് കരുതുന്നത്. വിദേശ ക്രിമിനലുകളെ പാര്‍പ്പിക്കാനും, തിരക്കേറിയ ജയിലുകളില്‍ സ്ഥലം കണ്ടെത്താനും വര്‍ഷാവര്‍ഷം നികുതിദായകരുടെ മില്ല്യണ്‍ കണക്കിന് പൗണ്ട് ഉപയോഗിക്കുന്ന ചെലവ് ചുരുക്കാനാണ് ഈ മാറ്റങ്ങള്‍. കൂടാതെ അതിവേഗം വിദേശ കുറ്റവാളികളെ നാടുകടത്താന്‍ ഹോം ഓഫീസിന് ശക്തമായ അധികാരങ്ങളും നല്‍കും.
ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും ജയിലുകളില്‍ കഴിയുന്ന 12 ശതമാനം തടവുകാര്‍ വിദേശ പൗരന്‍മാരാണ്. ശരാശരി ഓരോ തടവുപുള്ളിക്കും 54,000 പൗണ്ടാണ് ചെലവ്. അതായത് പ്രതിവര്‍ഷം 540 മില്ല്യണ്‍ പൗണ്ടാണ് വിദേശ ക്രിമിനലുകളെ തീറ്റിപ്പോറ്റാനായി ചെലവ് വരുന്നത്.