എയര്‍ ഇന്ത്യ വിമാന അപകടത്തില്‍ പെട്ടവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയുന്നത് ഹിമാലയന്‍ ദൗത്യമായിരുന്നു. ഇടിച്ചിറങ്ങിയ വിമാനം പൊട്ടിത്തെറിച്ച് കത്തിയമര്‍ന്നതാണ് ഈ ദൗത്യം ദുഷ്‌കരമാക്കി മാറ്റിയത്. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ഏറെ ബുദ്ധിമുട്ടായിരുന്നു. ബന്ധുക്കളില്‍ നിന്നും ശേഖരിച്ച ഡിഎന്‍എ സാമ്പിളുകള്‍ ഉപയോഗിച്ചാണ് മരിച്ചവരെ വേര്‍തിരിച്ച് പെട്ടികളാക്കി അയച്ചത്.
എന്നാല്‍ ഈ ദൗത്യത്തില്‍ നിരവധി പിഴവുകള്‍ സംഭവിച്ചിട്ടുള്ളതായി നേരത്തെ വ്യക്തമായിരുന്നു. പ്രത്യേകിച്ച് 52-ഓളം ബ്രിട്ടീഷുകാര്‍ക്ക് അപകടത്തില്‍ ജീവഹാനി സംഭവിച്ചു. ഇവരുടെ മൃതദേഹങ്ങള്‍ യുകെയില്‍ എത്തിച്ച ശേഷം കൊറോണര്‍ പരിശോധിച്ചപ്പോഴാണ് പെട്ടി മാറിപ്പോയതായി പോലും കണ്ടെത്തുന്നത്.
ഇപ്പോള്‍ എയര്‍ ഇന്ത്യ അപകടത്തില്‍ വിധവയായി മാറിയ സ്ത്രീക്ക് തന്റെ ഭര്‍ത്താവിന്റെ മൃതദേഹം രണ്ട് പെട്ടികളാക്കി ലഭിച്ചതായാണ് വിവരം പുറത്തുവരുന്നത്. വിധവയ്ക്ക് ആദ്യം ഒരു പെട്ടി ലഭിക്കുകയും, ഇത് സംസ്‌കരിച്ച ശേഷം ദുഃഖാര്‍ത്തരായി ഇരിക്കുമ്പോള്‍ രണ്ടാമത്തെ പെട്ടി ലഭിക്കുകയായിരുന്നു.
ഇതോടെ സംസ്‌കാര കര്‍മ്മം രണ്ടാമതും ചെയ്യേണ്ടതായി വന്നു. ഇരകളുടെ ശരീരഭാഗങ്ങള്‍ അയച്ചതില്‍ വലിയ വീഴ്ചകള്‍ സംഭവിച്ചെന്നാണ് 53 കുടുംബങ്ങളില്‍ 30 പേരെ പ്രതിനിധീകരിക്കുന്ന അഭിഭാഷകന്‍ ആരോപിക്കുന്നത്. ബന്ധുക്കള്‍ ആളുമാറി ശവപ്പെട്ടി അയച്ചതും, ബോഡി ബാഗില്‍ രണ്ട് തലകള്‍ വെച്ചതും ഉള്‍പ്പെടെയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.