ഹോട്ടലുകളില്‍ നിന്നും പുതിയ താമസ സ്ഥലങ്ങളിലേക്ക് മാറാന്‍ വിസമ്മതിക്കുന്ന അഭയാര്‍ത്ഥികള്‍ക്ക് വീടില്ലാത്ത ഗതി വരുത്തുമെന്ന് മുന്നറിയിപ്പ് നല്‍കി ഗവണ്‍മെന്റ്. കുടിയേറ്റക്കാര്‍ പകരം ഹൗസിംഗ് ഓഫര്‍ ചെയ്യുമ്പോള്‍ കാരണമില്ലാതെ തള്ളുന്ന രീതി നിലവിലുണ്ട്. ഇതോടെയാണ് അനുസരിക്കാത്ത കുടിയേറ്റക്കാരെ കൈകാര്യം ചെയ്യാന്‍ പുതിയ നിയമങ്ങള്‍ നടപ്പിലാക്കുമെന്ന് മന്ത്രിമാര്‍ വ്യക്തമാക്കുന്നത്.
യാത്ര ചെയ്യാന്‍ പരാജയപ്പെടുകയെന്ന നയം അനുസരിച്ച് അനധികൃത കുടിയേറ്റക്കാര്‍ ഹോട്ടലുകളില്‍ നിന്നും സൗകര്യപ്രദമായ മറ്റ് സംവിധാനങ്ങളിലേക്ക് മാറിയില്ലെങ്കില്‍ ഇവര്‍ക്ക് ഹൗസിംഗും, മറ്റ് പിന്തുണകളും നഷ്ടമാകുമെന്ന് ഹോം ഓഫീസ് അറിയിക്കുന്നു. ഓരോ ആഴ്ചയിലും നൂറിലേറെ അഭയാര്‍ത്ഥികളാണ് ഈ വിധത്തില്‍ വിസ്സമതം മൂളുന്ന്. നിലവില്‍ ഇതിനെ നേരിടാന്‍ നിയമങ്ങളുമില്ല.
നിലവില്‍ അഭയാര്‍ത്ഥി അപേക്ഷകരെ ഹോട്ടലുകളില്‍ താമസിപ്പിക്കാന്‍ പ്രതിദിനം 5.7 മില്ല്യണ്‍ പൗണ്ട് ചെലവാണ് നികുതിദായകര്‍ നേരിടുന്നത്. അതേസമയം ചാനല്‍ കുടിയേറ്റക്കാരെ കടത്തുന്ന സംഘങ്ങളെ തകര്‍ക്കുമെന്ന പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറുടെ വാഗ്ദാനം പരാജയമായി മാറുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
മനുഷ്യക്കടത്ത് സംഘങ്ങളെ നിയമത്തിന് മുന്നിലെത്തിക്കുമെന്ന വാഗ്ദാനം എവിടെയും എത്തിയിട്ടില്ല. ലേബര്‍ അധികാരത്തിലെത്തിയ ശേഷം കേവലം 446 പേര്‍ക്കെതിരെയാണ് ഇമിഗ്രേഷന്‍ കുറ്റകൃത്യങ്ങള്‍ ചുമത്തിയത്. യഥാര്‍ത്ഥത്തില്‍ ചാനല്‍ കടത്ത് ഇത്രയും ഈസിയായ മറ്റൊരു സമയം ഉണ്ടായിട്ടില്ലെന്ന് ടോറി ജസ്റ്റിസ് വക്താവ് റോബര്‍ട്ട് ജെന്റിക്ക് കുറ്റപ്പെടുത്തി.
അതേസമയം യൂറോപ്പ് ഇമിഗ്രേഷന്‍ നിയന്ത്രിക്കാന്‍ ഒരുമിച്ച് പണിയെടുക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടു. സ്‌കോട്ട്‌ലണ്ടില്‍ തന്റെ പുതിയ ഗോള്‍ഫ് കോഴ്‌സ് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് അനധികൃത കുടിയേറ്റത്തിനെതിരെ നടപടി ഉണ്ടായില്ലെങ്കില്‍ യൂറോപ്പ് തകരുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.