റേച്ചല്‍ റീവ്‌സിന്റെ പ്രഖ്യാപനങ്ങളൊന്നും ഏശാത്ത അവസ്ഥയാണ്. ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥ പരിതാപകരമായി തുടരുകയാണ്. വളര്‍ച്ച നേടിക്കൊടുക്കാനുള്ള പദ്ധതികളെന്ന് പറഞ്ഞവയെല്ലാം തിരിച്ചടിക്കുന്ന കാഴ്ചയാണ് രാജ്യം കണ്ടത്. ഒപ്പം ഡൊണള്‍ഡ് ട്രംപ് നടത്തുന്ന വ്യാപാര യുദ്ധം കൂടി ചേര്‍ന്നതോടെ ചാന്‍സലറുടെ സമാധാനം നഷ്ടമായ നിലയിലാണ്.
റീവ്‌സ് ലക്ഷ്യമിടുന്ന രീതിയില്‍ ചെലവഴിക്കല്‍ നടത്തിക്കൊണ്ട് പോകാന്‍ പറ്റില്ലെന്നാണ് ഐഎംഎഫ് മുന്നറിയിപ്പ് നല്‍കുന്നത്. കൂടാതെ അധ്വാനിക്കുന്ന ജനവിഭാഗത്തിന് നികുതി വര്‍ദ്ധിപ്പിക്കില്ലെന്ന വാഗ്ദാനം തുടരുന്നത് ബുദ്ധിമുട്ടായിരിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
യുകെയുടെ നിലവിലെ സാഹചര്യത്തില്‍ ബുദ്ധിമുട്ടേറിയ തീരുമാനങ്ങള്‍ ചാന്‍സലര്‍ക്ക് കൈക്കൊള്ളേണ്ടതായി വരുമെന്നാണ് അന്താരാഷ്ട്ര നാണ്യനിധി വ്യക്തമാക്കുന്നത്. കൂടുതല്‍ വരുമാനം നേടാത്ത പക്ഷം പെന്‍ഷന്‍ ട്രിപ്പിള്‍ ലോക്ക് പൊട്ടിക്കുന്നതും, എന്‍എച്ച്എസ് സേവനങ്ങള്‍ ആവശ്യക്കാര്‍ക്ക് നല്‍കുന്നതും ഉള്‍പ്പെടെ രീതികളിലേക്ക് മാറേണ്ടി വരുമെന്നാണ് ചൂണ്ടിക്കാണിക്കുന്നത്.
പൊതുഖജനാവില്‍ 30 ബില്ല്യണ്‍ പൗണ്ടിന്റെ കുറവ് നേരിടുമ്പോള്‍ ഓട്ടം ബജറ്റില്‍ നികുതികള്‍ വര്‍ദ്ധിപ്പിക്കാനുള്ള ആലോചനയിലാണ് റീവ്‌സ്. ഏതെല്ലാം നികുതികള്‍ കൂട്ടുമെന്ന പ്രതിസന്ധി ഇവരെ അലട്ടുന്നുണ്ട്. ഇന്‍കം ടാക്‌സും, നാഷണല്‍ ഇന്‍ഷുറന്‍സും, വാറ്റും ഉയര്‍ത്തില്ലെന്ന വാഗ്ദാനം ആവര്‍ത്തിക്കുന്നുണ്ട് ലേബര്‍.