ബ്രിട്ടനില്‍ കഴിഞ്ഞ ആഴ്ച നടന്ന റസിഡന്റ് ഡോക്ടര്‍മാരുടെ അഞ്ച് ദിവസത്തെ പണിമുടക്ക് പൊളിഞ്ഞുവെന്ന തരത്തിലാണ് എന്‍എച്ച്എസ് പ്രാഥമിക കണക്കുകള്‍ പുറത്തുവിട്ടത്. സമരത്തില്‍ കാല്‍ശതമാനത്തില്‍ താഴെ ഡോക്ടര്‍മാര്‍ മാത്രം പങ്കുചേര്‍ന്നപ്പോള്‍, 93% ഓപ്പറേഷനുകളും, പ്രൊസീജ്യറുകളും നടന്നുവെന്ന എന്‍എച്ച്എസ് കണക്കുകള്‍ ഡോക്ടര്‍മാരുടെ യൂണിയന്‍ തള്ളുകയാണ്.
കഴിഞ്ഞ വര്‍ഷത്തെ ഡോക്ടര്‍ സമരങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ഷം 10,000 കൂടുതല്‍ രോഗികള്‍ക്ക് ചികിത്സ നല്‍കുകയാണ് ഉണ്ടായതെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് വാദിക്കുന്നു. ഈ കണക്കുകള്‍ ആയുധമാക്കിയ ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ്, ഇനി തടസ്സങ്ങളുടെ തുടര്‍ച്ച മറികടന്ന് മുന്നോട്ട് പോകാന്‍ സമയമായെന്ന് പ്രതികരിക്കുകയും ചെയ്തു.
ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ ഇപ്പോള്‍ ഈ കണക്കുകള്‍ തള്ളുകയാണ്. സങ്കീര്‍ണ്ണമായ വര്‍ക്ക് ഷെഡ്യൂളും, ഡോക്ടര്‍മാരുടെ ലീവും യഥാര്‍ത്ഥ കണക്കുകള്‍ മനസ്സിലാക്കുന്നത് അസാധ്യമാക്കി മാറ്റുമെന്ന് ബിഎംഎ പറയുന്നു. മുന്‍പത്തെ സമരങ്ങളില്‍ പങ്കെടുത്തവരില്‍ നിന്നും 7.5% കുറവ് ഡോക്ടര്‍മാരാണ് അഞ്ച് ദിവസത്തെ പണിമുടക്കിന് ഇറങ്ങിയതെന്ന് പ്രാഥമിക കണക്കുകള്‍ വ്യക്തമാക്കുന്നു.
സമ്പൂര്‍ണ്ണമായ ഡാറ്റ പിന്നീട് പ്രസിദ്ധീകരിക്കുമെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് പറഞ്ഞു. 29% ശമ്പളവര്‍ദ്ധനവാണ് റസിഡന്റ് ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ശമ്പളം കൂട്ടുന്ന വിഷയത്തില്‍ ചര്‍ച്ചയ്ക്കില്ലെന്നാണ് ഹെല്‍ത്ത് സെക്രട്ടറിയുടെ നിലപാട്. ഭൂരിപക്ഷം റസിഡന്റ് ഡോക്ടര്‍മാരും സമരത്തിന് അനുകൂലമായി വോട്ട് ചെയ്തില്ലെന്ന് സ്ട്രീറ്റിംഗ് ചൂണ്ടിക്കാണിക്കുന്നു. ജോലിക്ക് ഇറങ്ങിയ റസിഡന്റ് ഡോക്ടര്‍മാര്‍ക്ക് അദ്ദേഹം നന്ദിയും പറഞ്ഞു.