ബ്രിട്ടനില്‍ ജീവിച്ച് പോകുന്നത് ഇപ്പോള്‍ ബുദ്ധിമുട്ടായി വരികയാണ്. വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തില്‍ ചെലവുകള്‍ ഏറുകയും, നികുതിയുടെ രൂപത്തില്‍ പല ഭാഗത്ത് നിന്നും ബില്ലുകള്‍ വര്‍ദ്ധിക്കുകയും ചെയ്തതാണ് ജനങ്ങളെ വലക്കുന്നത്. ഇതിനിടയില്‍ നികുതി പരിധികള്‍ മരവിപ്പിച്ച് നിര്‍ത്തി ജനങ്ങളെ കൂടുതല്‍ പിഴിയാനാണ് ചാന്‍സലര്‍ തയ്യാറെടുക്കുന്നത്.
ജനങ്ങളുടെ സേവിംഗ്‌സില്‍ കൈയിട്ട് വാരാനും, കൂടുതല്‍ ജോലിക്കാരെ ഉയര്‍ന്ന ബാന്‍ഡുകളിലേക്ക് എത്തിച്ച് നികുതി വാങ്ങാനുമാണ് ചാന്‍സലറുടെ നീക്കം. നികുതി പരിധി മരവിപ്പിക്കുന്നതോടെ ജീവിതച്ചെലവ് പ്രതിസന്ധിയില്‍ ആശ്വാസമായി ലഭിക്കുന്ന ശമ്പളവര്‍ദ്ധന ഇവരെ യഥാര്‍ത്ഥത്തില്‍ ഉയര്‍ന്ന നികുതി ബാന്‍ഡിലെത്തിക്കുകയും, ഈ പണം പോയിക്കിട്ടുകയും ചെയ്യുന്നതാണ് അവസ്ഥ.
പലിശ നിരക്കുകള്‍ ഉയര്‍ന്ന് നില്‍ക്കുന്നതിനാല്‍ സേവിംഗ്‌സിന്റെ പേരിലുള്ള പലിശയില്‍ 3.4 മില്ല്യണ്‍ ജനങ്ങള്‍ക്ക് നികുതി ബില്‍ കിട്ടുമെന്നാണ് റിപ്പോര്‍ട്ട്. നികുതി മരവിപ്പിച്ചുള്ള കളി ചാന്‍സലര്‍ നിയന്ത്രിക്കണമെന്നാണ് വിമര്‍ശകര്‍ ആവശ്യപ്പെടുന്നത്. യഥാര്‍ത്ഥ തോതില്‍ വരുമാനം വര്‍ദ്ധിക്കാതെ ബില്ലുകള്‍ മാത്രം ഉയരുന്നതാണ് ഇതിന് ഇടയാക്കുന്നത്.
ഇസാസില്‍ ഇട്ടുവെയ്ക്കുന്ന പണം പിന്‍വലിക്കുന്നതില്‍ ജനങ്ങള്‍ക്ക് നല്‍കുന്ന നികുതി രഹിത തുക നിലനിര്‍ത്തണമെന്ന് സമ്മര്‍ദവും കനക്കുന്നുണ്ട്. എന്നാല്‍ ഈ പരിധി താഴ്ത്തി കൂടുതല്‍ തുക ആളുകള്‍ സ്റ്റോക്കുകളിലും, ഷെയറുകളിലും നിക്ഷേപിക്കാന്‍ പ്രോത്സാഹിപ്പിക്കാനാണ് ചാന്‍സലറുടെ നീക്കം.
ഇതിനിടയില്‍ അടുത്ത ബജറ്റില്‍ കൂടുതല്‍ നികുതിവര്‍ദ്ധനവുകള്‍ വരുമെന്ന പ്രഖ്യാപനവും ജനങ്ങള്‍ക്ക് ഭീതി പകരുന്നതാണ്.