എന്‍എച്ച്എസിലേക്ക് റഫര്‍ ചെയ്താല്‍ അപ്പോയിന്റ്‌മെന്റ് ലഭിക്കുന്നു. പരിശോധനകള്‍ നടക്കുന്നു, ചികിത്സ ലഭിക്കുന്നു, ഇതാണ് സ്വാഭാവികമായി നടക്കേണ്ട പ്രക്രിയ. എന്നാല്‍ ഈ പ്രക്രിയയില്‍ ഒരു സ്ഥാനവും കിട്ടാതെ ലക്ഷക്കണക്കിന് രോഗികള്‍ കഴിയുന്നുണ്ടെന്ന് ഞെട്ടിക്കുന്ന കണക്കുകള്‍ വെളിപ്പെടുത്തുന്നു.
എന്‍എച്ച്എസ് ഇംഗ്ലണ്ടില്‍ ചികിത്സയ്ക്കായി കാത്തിരിക്കുന്ന 6 മില്ല്യണ്‍ ജനങ്ങളില്‍ പകുതിയോളം പേര്‍ക്കും ഹോസ്പിറ്റല്‍ വെയ്റ്റിംഗ് ലിസ്റ്റില്‍ പെട്ട ശേഷം ഒരു ചികിത്സയും ലഭിച്ചിട്ടില്ലെന്ന് പുതിയ ഡാറ്റ വ്യക്തമാക്കി. ജിപി റഫര്‍ ചെയ്ത ശേഷം ചികിത്സയ്ക്കായി കാത്തിരിക്കുന്ന 6.23 മില്ല്യണ്‍ രോഗികളില്‍ 2.99 മില്ല്യണ്‍ ആളുകള്‍ക്കും സ്‌പെഷ്യലിസ്റ്റിനൊപ്പമുള്ള തങ്ങളുടെ ആദ്യ അപ്പോയിന്റ്‌മെന്റോ, ഡയഗനോസ്റ്റിക് ടെസ്‌റ്റോ ലഭിച്ചിട്ടില്ലെന്നാണ് വ്യക്തമാകുന്നത്.
'അദൃശ്യമായി' തുടരുന്ന വെയ്റ്റിംഗ് ലിസ്റ്റിലെ വെയ്റ്റിംഗിനെതിരെ പേഷ്യന്റ്‌സ് അസോസിയേഷന്‍ രംഗത്തെത്തി. ഒരിക്കല്‍ പോലും സ്‌പെഷ്യലിസ്റ്റിനെ കണികാണാന്‍ കിട്ടാത്ത ഇവര്‍ ആരോഗ്യം ക്ഷയിച്ച് കൊണ്ടാണ് ദുരിതം നേരിടുന്നതെന്ന് വിമര്‍ശനം ഉയരുന്നു.
ഇതോടെ റഫര്‍ ചെയ്ത രോഗികളില്‍ 92 ശതമാനം പേരെയും 18 ആഴ്ചയ്ക്കുള്ളില്‍ ചികിത്സിക്കുമെന്ന് വാഗ്ദാനം ചെയ്ത പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറുടെ പദ്ധതി പേപ്പറില്‍ തുടരുമെന്ന് ആശങ്ക ഉയരുന്നു. 2015 മുതല്‍ ഈ ലക്ഷ്യം കൈവരിക്കാന്‍ സാധിച്ചിട്ടില്ല. മേയ് മാസത്തില്‍ 61 ശതമാനം പേര്‍ക്ക് മാത്രമാണ് സമയത്ത് ചികിത്സ കിട്ടിയത്.