യുകെ തീരങ്ങള്‍ ലക്ഷ്യമാക്കി അനധികൃത കുടിയേറ്റക്കാര്‍ ചെറുബോട്ടുകളില്‍ കയറി യാത്ര തിരിക്കുന്നത് നിരുത്സാഹപ്പെടുത്താനുള്ള ആദ്യ നടപടി അടുത്ത ആഴ്ച പ്രാബല്യത്തില്‍. ഫ്രാന്‍സില്‍ നിന്നും ബ്രിട്ടനിലേക്ക് ഇംഗ്ലീഷ് ചാനല്‍ കടന്നെത്തുന്ന അഭയാര്‍ത്ഥികളില്‍ 'ചിലരെ' തിരികെ അയയ്ക്കാനുള്ള കരാറിന് യൂറോപ്യന്‍ യൂണിയന്‍ അംഗീകാരം നല്‍കിയതോടെയാണ് ഇത്.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ സന്ദര്‍ശനത്തിനിടെ സമ്മതിച്ച കരാറാണ് അടുത്ത ആഴ്ചയോടെ നിലവിലെത്തുക. പൈലറ്റ് അടിസ്ഥാനത്തില്‍ നടപ്പാക്കുന്ന പദ്ധതി പ്രകാരം അഭയാര്‍ത്ഥി അപേക്ഷകരെ തിരികെ ഫ്രാന്‍സിലേക്കാണ് മടക്കുക.
അതേസമയം ചെറുബോട്ടുകളില്‍ ചാനല്‍ കടന്നെത്തിയ ആളുകള്‍ക്ക് മറ്റ് സുരക്ഷിതമായ മാര്‍ഗ്ഗങ്ങള്‍ വഴി യുകെയിലേക്ക് പ്രവേശനം ഉണ്ടാകില്ലെന്നും കരാറിലെ നിബന്ധനയില്‍ പറയുന്നു. ആഴ്ചയില്‍ 50 പേരെ വീതം മടക്കി അയയ്ക്കാമെന്നാണ് ഹോം ഓഫീസ് പ്രതീക്ഷിക്കുന്നത്.
ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അഭയാര്‍ത്ഥികളെ തടങ്കലില്‍ എടുക്കാനുള്ള നടപടികള്‍ തുടങ്ങുമെന്നും അധികൃതര്‍ വ്യക്തമാക്കി. ലേബര്‍ ഗവണ്‍മെന്റ് അധികാരത്തിലെത്തിയ ശേഷം റെക്കോര്‍ഡുകള്‍ മറികടന്ന് അനധികൃത കുടിയേറ്റക്കാര്‍ ഒഴുകുന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുന്ന സാഹചര്യത്തില്‍ താല്‍ക്കാലികമായെങ്കിലും ഈ കരാര്‍ പ്രതിരോധമാക്കി മാറ്റാനാണ് കീര്‍ സ്റ്റാര്‍മറുടെ ശ്രമം.
2026 ജൂണ്‍ വരെ മാത്രമാണ് നിലവിലെ പൈലറ്റ് സ്‌കീമിന് പ്രാബല്യം. ഇതിന് ശേഷം യുകെയും, ഫ്രാന്‍സും പദ്ധതിയുടെ ഭാവി പുനഃപ്പരിശോധിക്കും.