ലേബര്‍ ഗവണ്‍മെന്റ് പലസ്തീനെ രാജ്യമായി അംഗീകരിക്കുമെന്ന് പ്രഖ്യാപനം നടത്തിയത് ലോകത്തെ ഞെട്ടിച്ചിരുന്നു. പലസ്തീന്‍ അനുകൂലികള്‍ ആഹ്ലാദിച്ചപ്പോള്‍, ഇസ്രയേല്‍ ഉള്‍പ്പെടെ രാജ്യങ്ങള്‍ രൂക്ഷവിമര്‍ശനം നടത്തി. ഇപ്പോള്‍ കീര്‍ സ്റ്റാര്‍മറുടെ പ്രഖ്യാപനത്തിന് എതിരെ ഇസ്രയേല്‍ ബന്ദികളുടെ കുടുംബാംഗങ്ങളാണ് രംഗത്ത് വന്നിരിക്കുന്നത്.
തങ്ങളുടെ പ്രിയപ്പെട്ടവരെ വിട്ടയച്ചില്ലെങ്കിലും ബ്രിട്ടന്റെ പദ്ധതിയില്‍ മാറ്റമുണ്ടാകില്ലെന്ന പ്രഖ്യാപനമാണ് ഇവരെ ചൊടിപ്പിക്കുന്നത്. ഫോറിന്‍ ഓഫീസ് യോഗത്തിലാണ് ബ്രിട്ടീഷ് ബന്ധമുള്ള നാല് ബന്ദികളുടെ ബന്ധുക്കളോട് യുകെ നിലപാട് മാറ്റില്ലെന്ന് വ്യക്തമാക്കിയത്.
ഹമാസ് തീവ്രവാദികള്‍ ബന്ദികളായി വെച്ചിട്ടുള്ള 50-ഓളം പേരെ വിട്ടുകിട്ടിയില്ലെങ്കിലും പലസ്തീനെ അംഗീകരിക്കുന്ന നടപടിയുമായി മുന്നോട്ട് പോകുമെന്നാണ് യുകെ സ്ഥിരീകരിക്കുന്നത്. സെപ്റ്റംബര്‍ അവസാനത്തോടെയാണ് പലസ്തീനെ രാജ്യമായി അംഗീകരിക്കാനുള്ള നിബന്ധനകള്‍ പരിശോധിക്കുന്നതെന്ന് അറിയിച്ചതായി ബന്ധുക്കളുടെ അഭിഭാഷകര്‍ പറഞ്ഞു.
എന്നാല്‍ യുകെയുടെ ഈ നിലപാട് ഒരു തരത്തിലും സഹായം ചെയ്യില്ലെന്നും, ബന്ദികളെ കൂടുതല്‍ ദുരിതത്തിലാക്കാനാണ് ഉപകരിക്കുകയെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു. കരാറിലെത്താന്‍ ഇസ്രയേലിനെ സമ്മര്‍ദത്തിലാക്കാനാണ് പ്രധാനമന്ത്രി സ്റ്റാര്‍മറുടെ ശ്രമമെന്ന് അഭിഭാഷകര്‍ പറയുന്നു.