നടന്‍ കലാഭവന്‍ നവാസിന് അന്ത്യാഞ്ജലി. ചോറ്റാനിക്കരയിലെ ഹോട്ടലില്‍ ഇന്നലെ മരിച്ച നിലയില്‍ കണ്ടെത്തിയ നവാസിന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. രാവിലെ എട്ടരയ്ക്ക് ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി 10 മണിയോടെ പോസ്റ്റ്‌മോര്‍ട്ടം നടത്തും. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ആലുവ ചൂണ്ടിയിലുള്ള വീട്ടിലേക്ക് മൃതദേഹം കൊണ്ടുവരും. ഇവിടെ ബന്ധുക്കള്‍ക്ക് മാത്രം അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സൗകര്യം ഒരുക്കും. നാല് മണിയോടെ ആലുവ സെന്‍ട്രല്‍ ജുമാ മസ്ജിദിലേക്ക് മൃതശരീരം എത്തിക്കും. തുടര്‍ന്ന് അഞ്ച് മണിയോടെ സെന്‍ട്രല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ സംസ്‌കാരം.
ഇന്നലെ രാത്രിയാണ് ചോറ്റാനിക്കരയിലെ ഷൂട്ടിംഗ് സെറ്റില്‍ നിന്ന് ഹോട്ടല്‍ മുറിയില്‍ എത്തിയ നവാസിനെ മരിച്ച നിലയില്‍ കാണുന്നത്. ഹോട്ടല്‍ മുറിയില്‍ നിന്ന് മിനിറ്റുകള്‍ക്കുള്ളില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒരു ഇടവേളക്ക് ശേഷം അദ്ദേഹം സിനിമയില്‍ വീണ്ടും സജീവമാകുന്നതിനിടെയാണ് അപ്രതീക്ഷിത വിയോഗം. അഭിനേതാവ് അബൂബക്കറിന്റെ മകനാണ് നവാസ്. നടി രഹ്നയാണ് ഭാര്യ.