യുകെയിലേക്ക് കാലം തെറ്റിയുള്ള അതിശക്തമായ കാറ്റിന് കളമൊരുക്കി ഫ്‌ളോറിസ് കൊടുങ്കാറ്റ്. തിങ്കളാഴ്ച മുതല്‍ ശക്തമായ കാറ്റ് വീശുമെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കുന്നു.
ഉച്ചതിരിഞ്ഞാണ് ശക്തിയേറിയ കാറ്റ് വ്യാപിക്കുക. രാത്രിയോടെ സ്‌കോട്ട്‌ലണ്ടില്‍ ഇതിന്റെ ശക്തി വര്‍ദ്ധിക്കും. 85 എംപിഎച്ച് വേഗത്തിലുള്ള കാറ്റാണ് തീരങ്ങളിലും, മലയോരപ്രദേശങ്ങളിലും നേരിടുക.
തിങ്കളാഴ്ച രാവിലെ 6 മുതല്‍ ചൊവ്വാഴ്ച രാവിലെ 6 വരെയാണ് മഞ്ഞ കാലാവസ്ഥാ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. സ്‌കോട്ട്‌ലണ്ട്, നോര്‍ത്തേണ്‍ അയര്‍ലണ്ട്, നോര്‍ത്ത് വെയില്‍സ്, നോര്‍ത്ത് ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ മുന്നറിയിപ്പ് പ്രാബല്യത്തില്‍ വരും.
ഇതോടൊപ്പം ശക്തമായ മഴ കൂടി ചേരുന്നതോടെ ഗതാഗത തടസ്സങ്ങളും നേരിടുമെന്നാണ് പ്രവചനം. സ്‌കോട്ട്‌ലണ്ടിനെയാണ് പ്രധാനമായും ബാധിക്കുന്നതെങ്കിലും മറ്റ് ഇടങ്ങളിലും അനിശ്ചിതാവസ്ഥ തുടരുകയാണെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കി.
ഫ്‌ളോറിസ് കൊടുങ്കാറ്റില്‍ അവശിഷ്ടങ്ങള്‍ പറക്കാന്‍ സാധ്യതയുള്ളതിനാല്‍ ജീവന് അപകട സാധ്യത നിലനില്‍ക്കുന്നതായി മെറ്റ് ഓഫീസ് പറഞ്ഞു. തീരപ്രദേശങ്ങളിലെ റോഡുകളിലും, പ്രോപ്പര്‍ട്ടികളും ഈ സാധ്യത കൂടുതലായി നിലനില്‍ക്കുന്നുവെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ക്കുന്നു.