ബ്രിട്ടനിലെ സാമ്പത്തിക രംഗം ഇപ്പോള്‍ അനിശ്ചിതാവസ്ഥ നേരിടുന്നുവെന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. നിയന്ത്രിച്ച് നിര്‍ത്തേണ്ട പണപ്പെരുപ്പം തലപൊക്കി നില്‍ക്കുന്നു. സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച മുനയൊടിഞ്ഞ നിലയിലും. ശമ്പളവര്‍ദ്ധന മെല്ലെപ്പോക്കിലുമാണ്. എന്നിട്ടും പണപ്പെരുപ്പം ഈ വിധം ഉയരുന്നത് കേന്ദ്ര ബാങ്ക് അധികൃതരെ കടലിനും, ചെകുത്താനും ഇടയില്‍ നിര്‍ത്തുകയാണ്.
എന്നിരുന്നാലും ഈയാഴ്ച ബാങ്ക് ഓഫ് ഇംഗ്ലണ്ട് മോണിറ്ററി പോളിസി കമ്മിറ്റി ചേരുമ്പോള്‍ പലിശ നിരക്ക് കുറയ്ക്കുമെന്നാണ് കരുതുന്നത്. ദീര്‍ഘകാല സാമ്പത്തികാവസ്ഥയില്‍ അംഗങ്ങള്‍ക്കിടയില്‍ ഭിന്നിപ്പിന് സാധ്യതയുണ്ടെങ്കിലും പലിശ കുറയ്ക്കാതെ മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന അവസ്ഥയാണ്.
വ്യാഴാഴ്ച കമ്മിറ്റി യോഗത്തില്‍ 0.25 ശതമാനം പോയിന്റ് കുറച്ച് പലിശ 4 ശതമാനത്തിലേക്ക് താഴ്ത്തുമെന്നാണ് നിക്ഷേപകര്‍ പ്രതീക്ഷിക്കുന്നത്. രണ്ട് വര്‍ഷം മുന്‍പ് കടമെടുപ്പ് ചെലവുകള്‍ ഉയര്‍ത്തിയ ശേഷമുള്ള അഞ്ചാമത്തെ ഇത്തരം നീക്കത്തിനാണ് മോര്‍ട്ട്‌ഗേജ് വിപണിയും കാതോര്‍ക്കുന്നത്.
അടുത്ത വര്‍ഷം സമ്മറോടെ പലിശ നിരക്കുകള്‍ 3.5 ശതമാനത്തിലേക്ക് താഴുമെന്നും വിപണികള്‍ പ്രതീക്ഷിക്കുന്നു. നിരക്ക് കുറയ്ക്കുന്നതിന് സൂക്ഷിച്ചുള്ള ചുവടുകളാണ് സ്വീകരിക്കുന്നതെന്ന് എംപിസി ആവര്‍ത്തിക്കും. തൊഴില്‍ നഷ്ടം ശക്തമാകുന്ന സാഹചര്യത്തില്‍ കൂടുതല്‍ ശക്തമായ നിരക്ക് കുറയ്ക്കലിനെ ചില എംപിസി അംഗങ്ങള്‍ പിന്തുണയ്ക്കുമെന്നും കരുതുന്നു. എന്നാല്‍ കഴിഞ്ഞ മാസം പണപ്പെരുപ്പം 3.6 ശതമാനത്തിലേക്ക് ഉയര്‍ന്ന സാഹചര്യത്തില്‍ ശ്രദ്ധിച്ച് നീങ്ങാനാകും മറ്റ് അംഗങ്ങളുടെ നിലപാട്.