ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ പരിഹസിച്ച് ഇറാന്‍ പ്രസിഡന്റ് മസൂദ് പെഷസ്‌കിയാന്‍. ഇറാനിലെ ജലദൗര്‍ലഭ്യം പരിഹരിക്കാമെന്ന നെതന്യാഹുവിന്റെ വാഗ്ദാനത്തിനാണ് പരിഹാസ മറുപടിയുമായി മസൂദ് രംഗത്ത് വന്നത്. പലസ്തീനികള്‍ക്ക് വെള്ളവും ഭക്ഷണവും നിഷേധിക്കുന്ന ഇസ്രായേലിനെ വിശ്വസിക്കാനാവില്ലെന്നാണ് മസൂദ് എക്സില്‍ കുറിച്ചത്.
ഇപ്പോഴത്തെ സര്‍ക്കാരില്‍ നിന്ന് ഇറാന്‍ സ്വതന്ത്ര്യമാകുമ്പോള്‍ രാജ്യത്തെ രൂക്ഷമായ ജലക്ഷാമം പരിഹരിക്കാന്‍ ഇസ്രായേല്‍ സഹായിക്കുമെന്നായിരുന്നു നെതന്യാഹു പറഞ്ഞത്. വീഡിയോ സന്ദേശത്തിലൂടെ ഇറാനികളെ അഭിസംബോധന ചെയ്യവെയായിരുന്നു ഈ വാഗ്ദാനം.
എന്നാല്‍ 'ഗാസയിലെ ജനങ്ങള്‍ക്ക് വെള്ളവും ഭക്ഷണവും നിഷേധിക്കുന്ന ഒരു ഭരണകൂടം ഇറാനിലേക്ക് വെളളം കൊണ്ടുവരുമെന്ന് പറയുന്നു? ഒരു ദിവാസ്വപ്നം, അതില്‍ കൂടുതല്‍ ഒന്നുമില്ല' എന്നാണ് മസൂദ് മറുപടി നല്‍കിയത്. 'വഞ്ചകരായ അവര്‍ ഇറാന്‍ ജനതയോട് കപട അനുകമ്പകാണിക്കുകയാണ്. ആദ്യം ഗാസയിലെ ദുരവസ്ഥയിലേക്ക് നോക്കൂ. പ്രത്യേകിച്ച് പട്ടിണികിടന്ന് ഭക്ഷണത്തിനായി ബുദ്ധിമുട്ടുന്ന കുട്ടികളെ, വെള്ളവും മരുന്നും ഇല്ലാതെ കഷ്ടപ്പെടുന്നവരെ. ഭരണകൂടത്തിന്റെ ഉപരോധം കാരണം ബുദ്ധിമുട്ടുന്ന അവരുടെ ദുഷ്‌കരമായ അവസ്ഥയിലേക്ക് നോക്കൂ' മസൂദ് പറഞ്ഞു.
ഇറാനിലെ ജല പ്രതിസന്ധിയെ കുറിച്ച് അടുത്തിടെ മസൂദ് പെഷസ്‌കിയാന്‍ പരാമര്‍ശം നടത്തിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് നെതന്യാഹുവിന്റെ വാഗ്ദാനം. അതേസമയം ഇരു നേതാക്കളുടേയും പരാമര്‍ശങ്ങള്‍ രാഷ്ട്രീയ സംഘര്‍ഷത്തിലേക്ക് വഴിവെക്കുമെന്നാണ് വിലയിരുത്തല്‍.