റഷ്യ- യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി യുക്രെയ്ന്‍ പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്‌കി. യുദ്ധത്തിന്റെ അവസാനം എങ്ങനെ എന്നത് റഷ്യയെ ആശ്രയിച്ചിരിക്കുമെന്നും അവര്‍ തുടങ്ങിയ യുദ്ധം അവര്‍ തന്നെയാണ് അവസാനിപ്പിക്കേണ്ടതെന്നും സെലന്‍സ്‌കി എക്സില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു.
യുദ്ധത്തിന് ന്യായമായ അന്ത്യമാണ് ഉണ്ടാകേണ്ടതെന്നും സെലന്‍സ്‌കി പറഞ്ഞു. അത് റഷ്യയെ ആശ്രയിച്ചിരിക്കും. അവര്‍ ആരംഭിച്ച യുദ്ധം അവസാനിപ്പിക്കേണ്ടതും അവര്‍ തന്നെയാണ്. ഇപ്പോള്‍ വേണ്ടത് കൊലപാതങ്ങളുടെ അവസാനവും എന്നത്തേക്കുമായുള്ള സമാധാനവുമാണ്. അത് തനിക്കറിയാം. എന്നാല്‍ അതേ കുറിച്ച് അറിയാത്ത ഒരാള്‍ പുടിന്‍ ആണെന്നും സെലന്‍സ്‌കി പറയുന്നു.
യുദ്ധം അവസാനിപ്പിക്കുമെന്ന് ഉറപ്പു പറയുന്ന അമേരിക്കയുടെ കഴിവിനെ ആരും സംശയത്തോടെ കണ്ടിട്ടില്ലെന്നും സെലന്‍സ്‌കി പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റിന് അതിനുള്ള കഴിവും നിശ്ചയദാര്‍ഢ്യവുമുണ്ട്. ഫെബ്രുവരി മുതല്‍ ട്രംപ് മുന്നോട്ടുവെയ്ക്കുന്ന നിര്‍ദ്ദേശങ്ങളെ യുക്രെയ്ന്‍ പിന്തുണച്ചിട്ടുണ്ട്. എന്നാല്‍ കൊലപാതകങ്ങളുടെ അവസാനത്തേക്കാള്‍ എന്നന്നേക്കുമായുള്ള സമാധാനമാണ് വേണ്ടതെന്നും സെലന്‍സ്‌കി കൂട്ടിച്ചേര്‍ത്തു.
അതേസമയം യുദ്ധം അവസാനിപ്പിക്കാനായി യുക്രെയ്‌ന്റെ ഒരു കഷ്ണം ഭൂമി പോലും റഷ്യക്ക് വിട്ടുകൊടുക്കില്ലെന്ന് സെലന്‍സ്‌കി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. യുക്രെയ്‌ന്റെ ഒരിഞ്ച് പോലും റഷ്യക്ക് വിട്ടുകൊടുത്തുകൊണ്ടുള്ള സമാധാന കരാര്‍ അംഗീകരിക്കില്ലെന്നും സെലന്‍സ്‌കി വ്യക്തമാക്കിയിരുന്നു.