യുകെയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാറുകള്‍ അപകടത്തില്‍പ്പെട്ട് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. രണ്ട് സംഘങ്ങളിലായി വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാറുകള്‍ തമ്മില്‍ എസക്‌സിലെ റെയ്‌ലി സ്പര്‍ റൗണ്ട്എബൗട്ടില്‍വച്ച് കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. വിദ്യാര്‍ത്ഥികള്‍ ഹൈദരാബാദ് സ്വദേശികളാണ്. ഒമ്പതു പേരടങ്ങുന്ന വിദ്യാര്‍ത്ഥി സംഘം രണ്ടു കാറുകളിലായി ഗണേശ വിഗ്രഹം നിമജ്ജനം ചെയ്ത ശേഷം വീടുകളിലേക്ക് മടങ്ങുമ്പോഴാണ് അപകടം.
അപകടത്തില്‍ ഹൈദരാബാദ് സ്വദേശികളായ ചൈതന്യ താരെ (23) സംഭവ സ്ഥലത്തുവച്ച് മരിച്ചു. ഋഷിതേജ റാപോളു (21) ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 4.15നായിരുന്നു അപകടം. കാറുകള്‍ ഓടിച്ചിരുന്ന ഗോപിചന്ദ് ബട്ടമേക്കാല (23), മനോഹര്‍ സബ്ബാനി(24) എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് ഉണ്ടായിരുന്നില്ലെന്നാണ് സൂചന. പരിക്കേറ്റ അഞ്ചു പേരെ റോയല്‍ ലണ്ടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ചികിത്സയിലുള്ള സായി ഗൗതം റവുള്ള, നൂതന്‍ തടകായല എന്നിവരുടെ നില ഗുരുതരമാണ്. അപകടത്തെ തുടര്‍ന്ന് റോഡില്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.
അപകടമുണ്ടായ സാഹചര്യം അന്വേഷിക്കുകയാണ് പൊലീസ്. അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള സൗകര്യം ഒരുക്കണമെന്ന് മരിച്ചവരുടെ കുടുംബം കേന്ദ്ര സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.