CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 8 Minutes 53 Seconds Ago
Breaking Now

ബ്രിട്ടനിലെ എല്ലാ ജനങ്ങള്‍ക്കും ഡിജിറ്റല്‍ ഐഡി കാര്‍ഡ് വരുന്നു; അനധികൃതമായി ജോലി ചെയ്യുന്നത് തടയാന്‍ പുതിയ വഴി; ഫ്രഞ്ച് പ്രസിഡന്റിന്റെ നിര്‍ദ്ദേശം സ്വീകരിച്ച് സ്റ്റാര്‍മര്‍; ജോലി കിട്ടാന്‍ യുകെയില്‍ താമസിക്കാനും, ജോലി ചെയ്യാനും അവകാശമുണ്ടെന്ന് തെളിയിക്കണം; കുടിയേറ്റക്കാര്‍ക്ക് പാരയാകുമോ?

അനധികൃത കുടിയേറ്റത്തിനെതിരെ നടപടിയെടുക്കാന്‍ സമ്മര്‍ദം നേരിട്ടതോടെയാണ് സ്റ്റാര്‍മര്‍ മുന്‍ നിലപാട് തിരുത്തിയത്

ബ്രിട്ടനില്‍ ഡിജിറ്റല്‍ ഐഡി കാര്‍ഡ് സിസ്റ്റം നടപ്പിക്കാന്‍ ഒരുങ്ങി ലേബര്‍ ഗവണ്‍മെന്റ്. അനധികൃതമായി ജോലി ചെയ്യുന്നത് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഇതിന് തടയിടാനാണ് ഡിജിറ്റല്‍ ഐഡി കാര്‍ഡിനെ സ്വാഗതം ചെയ്യുന്നത്. അനധികൃത കുടിയേറ്റക്കാര്‍ക്ക് ബ്രിട്ടനില്‍ താമസിക്കുന്നതും, ജോലി ചെയ്യുന്നതും ബുദ്ധിമുട്ടാക്കി മാറ്റാനുള്ള പദ്ധതി ആലോചിക്കുന്നതായി കീര്‍ സ്റ്റാര്‍മര്‍ ക്യാബിനറ്റിനെ അറിയിച്ചു. 

15 വര്‍ഷം മുന്‍പ് ടോണി ബ്ലെയര്‍ ഭരണകൂടം ആലോചിച്ച് ഉപേക്ഷിച്ച പദ്ധതിയാണ് ഇപ്പോള്‍ മറ്റൊരു ലേബര്‍ ഭരണകൂടം തിരികെ എത്തിക്കുന്നത്. സിവില്‍ ലിബേര്‍ട്ടിയെ ബാധിക്കുമെന്ന് ആശങ്ക ഉയര്‍ന്ന ഘട്ടത്തിലായിരുന്നു ഇത്. പുതിയ പദ്ധതി പ്രകാരം പുതിയൊരു ജോലിക്കായി അപേക്ഷിക്കുമ്പോള്‍ ഡിജിറ്റല്‍ ഐഡി കാര്‍ഡ് കാണിച്ച് യുകെയില്‍ താമസിക്കാനും, ജോലി ചെയ്യാനും അവകാശമുണ്ടെന്ന് ഓരോരുത്തരും തെളിയിക്കേണ്ടി വരും. 

പുതിയ താമസ്ഥലത്തേക്ക് മാറുമ്പോഴും, ബെനഫിറ്റുകള്‍ക്ക് അപേക്ഷിക്കുമ്പോഴും, പൊതുസേവനങ്ങള്‍ തേടുമ്പോഴും ഈ ഐഡി കാര്‍ഡ് ആവശ്യം വരുമെന്നാണ് സൂചന. ഇക്കഴിഞ്ഞ ജൂലൈ മാസത്തില്‍ പോലും ഐഡി കാര്‍ഡ് ആലോചിക്കുന്നില്ലെന്ന് ബിസിനസ്സ് സെക്രട്ടറി ജോന്നാഥന്‍ റെയ്‌നോള്‍ഡ്‌സ് പറഞ്ഞിരുന്നു. എന്നാല്‍ ബ്രിട്ടനെ അനധികൃത കുടിയേറ്റക്കാരുടെ ആകര്‍ഷണ കേന്ദ്രമാക്കുന്ന ഘടകങ്ങള്‍ നേരിടണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ആവശ്യപ്പെട്ടതോടെയാണ് സ്റ്റാര്‍മര്‍ ഈ വഴിക്ക് നീങ്ങുന്നത്. 

ബോട്ടുകള്‍ തടയാന്‍ ഫ്രാന്‍സ് ശ്രമിക്കുമ്പോള്‍ ഇതിന് പകരമായി ബ്രിട്ടന്‍ ചെയ്ത് നല്‍കേണ്ട സഹായമായാണ് ഈ പദ്ധതി വരുന്നത്. അനധികൃത കുടിയേറ്റക്കാരെ തടയാന്‍ സഹായിക്കുന്ന നിയമങ്ങള്‍ യുകെയ്ക്ക് കുറവാണെന്ന് ഫ്രഞ്ച് പ്രസിഡന്റുമായി അടുപ്പമുള്ളവര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അനധികൃത കുടിയേറ്റത്തിനെതിരെ നടപടിയെടുക്കാന്‍ സമ്മര്‍ദം നേരിട്ടതോടെയാണ് സ്റ്റാര്‍മര്‍ മുന്‍ നിലപാട് തിരുത്തിയത്. 




കൂടുതല്‍വാര്‍ത്തകള്‍.