യുകെയുടെ സമ്പദ് വ്യവസ്ഥ നടത്തുന്ന പ്രകടനം മോശമായി തുടരുന്ന സാഹചര്യത്തില്‍ തിളക്കം നഷ്ടപ്പെട്ട നിലയിലാണ് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ്. മുന്‍ പ്രധാനമന്ത്രി ലിസ് ട്രസ് വരുത്തിവെച്ചതിനേക്കാള്‍ അപകടം സൃഷ്ടിച്ചിട്ടും റീവ്‌സ് ചാന്‍സലര്‍ പദവിയില്‍ തുടരുന്നു. ഇതിനിടെ ബ്രിട്ടന്റെ കടമെടുപ്പ് 27 വര്‍ഷത്തിനിടെ ഉയര്‍ന്ന നിലയിലേക്ക് എത്തുകയും ചെയ്തിരിക്കുന്നു.
ലേബര്‍ ഗവണ്‍മെന്റ് രാജ്യത്തെ സാമ്പത്തിക അരാജകത്വത്തിലേക്ക് നയിക്കുമെന്ന മുന്നറിയിപ്പുകളാണ് ഇതോടൊപ്പം പുറത്തുവരുന്നത്. 30 വര്‍ഷത്തെ യുകെ ബോണ്ടുകള്‍ക്ക് പലിശ നിരക്ക് 5.7 ശതമാനത്തിലേക്കാണ് ഉയര്‍ന്നത്. 1998ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയാണിത്. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് റീവ്‌സിനെ ഒതുക്കുന്ന തരത്തില്‍ പ്രധാനമന്ത്രി പുനഃസംഘടന നടത്തുന്നതെന്നാണ് സൂചന.
യുകെയ്ക്ക് പണം കടം കൊടുക്കാന്‍ നിക്ഷേപകര്‍ കൂടുതല്‍ പലിശ വാങ്ങുന്നത് ചാന്‍സലറുടെ ബജറ്റിനും തലവേദനയാണ്. 50 ബില്ല്യണ്‍ പൗണ്ടിന്റെ ധനക്കമ്മി നേരിടുന്നുവെന്നാണ് കണക്ക്. ഇത് ബാലന്‍സ് ചെയ്യാന്‍ റീവ്‌സിന്റെ ശേഷി സംബന്ധിച്ച് വിപണികള്‍ക്ക് ആശങ്ക വര്‍ദ്ധിക്കുകയാണ്.
പണപ്പെരുപ്പം 18 മാസത്തെ ഉയര്‍ന്ന നിലയിലാണ്. ഇത് 4 ശതമാനത്തിലേക്ക് ഉയരാനും സാധ്യത നിലനില്‍ക്കുന്നു. വര്‍ഷത്തിന്റെ അവസാനത്തോടെ ബോണ്ടുകളുടെ പലിശ നിരക്ക് 6 ശതമാനത്തിലേക്ക് എത്തുമെന്നാണ് മുന്നറിയിപ്പ്. ഇത് പ്രതിസന്ധി സൃഷ്ടിക്കും.
ഇടത് നിലപാടുള്ള സാമ്പത്തിക ഉപദേശകരെ ഡൗണിംഗ് സ്ട്രീറ്റിലേക്ക് എത്തിച്ച സ്റ്റാര്‍മര്‍ കൂടുതല്‍ നികുതിവേട്ടയ്ക്കുള്ള ഒരുക്കത്തിലാണെന്നാണ് ഭയപ്പാട്. എന്നാല്‍ ചാന്‍സലറെ ഒരു ഘട്ടത്തിലും ഒതുക്കിയിട്ടില്ലെന്നും വക്താവ് അവകാശപ്പെട്ടു.