ലേബര്‍ ഗവണ്‍മെന്റ് ഭരിക്കുന്ന ബ്രിട്ടനിലാണ്. അപ്പോള്‍ ബ്രിട്ടനിലെ ജനങ്ങള്‍ക്ക് വേണ്ടിയാണ് അവര്‍ നിലകൊള്ളേണ്ടത്. എന്നാല്‍ അതിന് വിപരീതമായാണ് ലേബര്‍ നീങ്ങുന്നതെന്ന രൂക്ഷവിമര്‍ശനം ഉയര്‍ത്തി അഭയാര്‍ത്ഥി ഹോട്ടല്‍ കേസ്. ബ്രിട്ടനിലെ ജനങ്ങള്‍ക്കെതിരെ കോടതികളെ ഉപയോഗിക്കുന്നുവെന്നാണ് ആരോപണം.
എസെക്‌സിലെ എപ്പിംഗില്‍ സ്ഥിതി ചെയ്യുന്ന ബെല്‍ ഹോട്ടലില്‍ നിന്നും കുടിയേറ്റക്കാരെ ഒഴിപ്പിക്കാനുള്ള വിധിക്കെതിരെ അപ്പീല്‍ കോടതിയെ സമീപിച്ച ഹോം ഓഫീസ് വിജയം നേടിയതോടെയാണ് വിമര്‍ശനം രൂക്ഷമാകുന്നത്. എംപിമാരും, ലോക്കല്‍ കൗണ്‍സിലും ഇതിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിക്കുന്നത്. ബ്രിട്ടീഷുകാരേക്കാള്‍ കൂടുതല്‍ അവകാശം ഇപ്പോള്‍ അനധികൃത കുടിയേറ്റക്കാര്‍ക്കാണെന്ന് റിഫോം നേതാവ് നിഗല്‍ ഫരാഗ് ചൂണ്ടിക്കാണിച്ചു.
ബ്രിട്ടനിലെ പൊതുജനങ്ങള്‍ക്ക് എതിരെ ലേബര്‍ കോടതിയെ ഉപയോഗിക്കുകയാണെന്ന് ടോറികള്‍ ആരോപിച്ചു. എന്നാല്‍ തങ്ങളുടെ പോരാട്ടം ഇതില്‍ അവസാനിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് എപ്പിംഗ് ഫോറസ്റ്റ് കൗണ്‍സില്‍ പ്രതികരിച്ചു. 138 അഭയാര്‍ത്ഥി അപേക്ഷകരെയാണ് എപ്പിംഗ് ഹോട്ടലില്‍ പാര്‍പ്പിച്ചിരിക്കുന്നത്. ഇവരെ ഒഴിവാക്കാനുള്ള താല്‍ക്കാലിക കോടതി വിധിയാണ് കൗണ്‍സില്‍ നേടിയത്.
ചെറുബോട്ടുകളില്‍ എത്തുന്ന കുടിയേറ്റക്കാരെ പാര്‍പ്പിച്ച് പ്ലാനിംഗ് നിയമങ്ങള്‍ക്ക് വിരുദ്ധമായാണ് ഹോട്ടല്‍ പ്രവര്‍ത്തിച്ചതെന്ന് കൗണ്‍സില്‍ ചൂണ്ടിക്കാണിച്ചു. ഇതിനെതിരെയാണ് ഉടമകളായ സൊമാനി ഹോട്ടല്‍സും, ഹോം ഓഫീസും അപ്പീല്‍ കോടതിയെ സമീപിച്ചത്. ഹൈക്കോടതി വിധിയില്‍ പാകപ്പിഴകളുണ്ടെന്ന് അപ്പീല്‍ കോടതി വിധിച്ചു. മറ്റ് കൗണ്‍സിലുകള്‍ സമാനമായ നീക്കം നടത്തുമെന്നാണ് ജഡ്ജിമാര്‍ ചൂണ്ടിക്കാണിച്ചത്.