സഹജീവനക്കാര്‍ക്ക് നേരെ ഒരു തമാശയ്ക്കാണെങ്കില്‍ പോലും കണ്ണുരുട്ടി കാണിയ്ക്കാറുണ്ടോ? എങ്കില്‍ അത് നിയമലംഘനമാണെന്ന് തിരിച്ചറിയുക. എന്നുമാത്രമല്ല നഷ്ടപരിഹാരവും നല്‍കേണ്ടി വരും. ഇത്തരത്തില്‍ ചെയ്യുന്നത് ബുള്ളിയിംഗും, എംപ്ലോയ്‌മെന്റ് നിയമങ്ങളുടെ ലംഘനവുമാണെന്നാണ് ട്രിബ്യൂണല്‍ വിധിയെഴുതിയത്.
എപ്പോഴും തന്നോട് സംസാരിക്കുമ്പോള്‍ സഹജീവനക്കാരി കണ്ണുരുട്ടി കാണിക്കുന്നതായാണ് ഡെന്റല്‍ നഴ്‌സ് പരാതിപ്പെട്ടത്. ഇത് തെറ്റാണൈന്ന് കണ്ടെത്തി 25,000 പൗണ്ട് നഷ്ടപരിഹാരം നല്‍കാനാണ് ട്രിബ്യൂണല്‍ നിര്‍ദ്ദേശം നല്‍കിയത്.
ഡെന്റല്‍ നഴ്‌സായ മൗറീന്‍ ഹോവിസനാണ് ജോലിസ്ഥലത്ത് അപമാനം നേരിട്ടിരുന്നത്. ഇന്ത്യന്‍ വംശജയായ ജിസ്‌നാ ഇഖ്ബാലില്‍ നിന്നും ഉണ്ടായ പെരുമാറ്റം മോശവും, ഒറ്റപ്പെടുത്തുന്നതും, ബുള്ളിയിംഗുമായാണ് ട്രിബ്യൂണല്‍ കണ്ടെത്തിയത്. എഡിന്‍ബര്‍ഗിലെ ഗ്രേറ്റ് ജംഗ്ഷന്‍ ഡെന്റല്‍ പ്രാക്ടീസില്‍ ജോലി ചെയ്തിരുന്ന ഇരുവരും തമ്മിലുള്ള ബന്ധം അത്ര സുഖകരമായിരുന്നില്ല.
ഇതിനൊടുവില്‍ 64-കാരിയായ ഹോവിസന്‍ ജോലി രാജിവെയ്ക്കുകയും ചെയ്തു. 40 വര്‍ഷക്കാലം ഡെന്റല്‍ മേഖലയില്‍ ജോലി ചെയ്ത ശേഷമായിരുന്നു ഇത്. നഴ്‌സിംഗ് ജോലികള്‍ ചെയ്യാന്‍ തന്റെ ആര്‍ത്രൈറ്റിസ് ബുദ്ധിമുട്ടായി വന്നതോടെ ഇവര്‍ റിസപ്ഷനിലേക്ക് മാറി. കഴിഞ്ഞ വര്‍ഷം പ്രാക്ടീസ് ഡോ. ഫാരി ജോണ്‍സണ്‍ വിതയത്തിലിന് വിറ്റതോടെയാണ് ഇഖ്ബാല്‍ ഇവിടെ ജോലിക്കെത്തുന്നത്.
ഇന്ത്യയില്‍ നിന്നും ഡെന്റല്‍ ഡോക്ടറായി പരിശീലനം നേടിയിട്ടുള്ള ഇഖ്ബാലിന് യുകെയില്‍ പ്രാക്ടീസ് ചെയ്യാന്‍ യോഗ്യത ലഭിച്ചിരുന്നില്ല. ഇതോടെയാണ് ഹോവിസനൊപ്പം റിസപ്ഷനില്‍ ജോലി ചെയ്തത്. എന്നാല്‍ ജോലി സ്ഥലത്ത് ഇരുവരും തമ്മില്‍ അകല്‍ച്ച രൂക്ഷമായി. ഡോക്ടര്‍ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതോടെയാണ് ഹോവിസന്‍ രാജിവെച്ചത്.