വീട് വാങ്ങിയപ്പോള്‍ നികുതി വെട്ടിച്ചതായി കുറ്റസമ്മതം നടത്തി ഉപപ്രധാനമന്ത്രി ആഞ്ചെല റെയ്‌നര്‍. സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തില്‍ 40,000 പൗണ്ട് വെട്ടിച്ചിട്ടും ഇതിന് യാതൊരു ന്യായീകരണവും ഉന്നയിക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല. ഹോവിലെ കടല്‍തീരത്ത് 800,000 പൗണ്ടിന്റെ ഫ്‌ളാറ്റ് വാങ്ങിയതിലാണ് നികുതി വെട്ടിച്ച് 'തെറ്റ് പറ്റിയെന്ന്' ഉപപ്രധാനമന്ത്രിക്ക് സമ്മതിക്കേണ്ടി വന്നത്.
കടല്‍തീരത്തെ പ്രോപ്പര്‍ട്ടിക്ക് സമീപം കയാക്കിംഗ് ആസ്വദിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് ലേബര്‍ മന്ത്രിയുടെ പ്രവര്‍ത്തനങ്ങള്‍ ചോദ്യങ്ങള്‍ നേരിട്ടത്. വിവാദം ആളിക്കത്തി ദിവസങ്ങള്‍ ശേഷമാണ് റെയ്‌നര്‍ വായ്തുറക്കുന്നത്. തനിക്ക് തെറ്റ് പറ്റിയെന്നും, അതില്‍ അഗാധമായ ഖേദമുണ്ടെന്നും, രാജിവെയ്ക്കാന്‍ ആലോചിച്ചതായുമാണ് കണ്ണീരണിഞ്ഞ് കൊണ്ട് നല്‍കിയ അഭിമുഖത്തില്‍ റെയ്‌നര്‍ പറയുന്ന ന്യായങ്ങള്‍.
സ്വയം ഗവണ്‍മെന്റിന്റെ മന്ത്രിതല നിയമങ്ങള്‍ പരിശോധിക്കുന്ന വിഭാഗത്തിന് റഫര്‍ ചെയ്ത റെയ്‌നറുടെ വീട് വാങ്ങലിനെ കുറിച്ച് പരിശോധന നടത്തും. ഇപ്പോഴും തന്റെ വലംകൈയിനെ പിന്താങ്ങുന്ന നിലപാടാണ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ തുടരുന്നത്. ഹൗസിംഗ് സെക്രട്ടറി കൂടിയായിട്ടാണ് ഇവര്‍ വീട് വാങ്ങുമ്പോള്‍ നികുതി വെട്ടിച്ചതെന്നതൊന്നും രാജിയ്ക്ക് കാരണമാകുന്നില്ലെന്ന ഞെട്ടിക്കുന്ന അവസ്ഥയാണ് പുറത്തുവരുന്നത്.
നട്ടെല്ലുണ്ടെങ്കില്‍ പ്രധാനമന്ത്രി റെയ്‌നറെ പുറത്താക്കണമെന്ന് ടോറി നേതാവ് കെമി ബാഡെനോക് ആവശ്യപ്പെട്ടു. ഹോവിന് പുറമെ ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍, സെന്‍ഡ്രല്‍ ലണ്ടന്‍ എന്നിവിടങ്ങളിലും റെയ്‌നര്‍ക്ക് വസതികളുണ്ട്. നികുതി വെട്ടിച്ച് ലാഭം ആസ്വദിച്ച ശേഷം അറിയാതെ പറ്റിയതാണെന്ന് വാദിക്കുന്നതില്‍ കഴമ്പില്ലെന്ന് ടോറി ഷാഡോ ഹൗസിംഗ് സെക്രട്ടറി ജെയിംസ് ക്ലെവെര്‍ലി പറഞ്ഞു. വീടുകളുടെ ഉത്തരവാദിത്വമുള്ള ഒരു മന്ത്രി ഇത്തരമൊരു ഗുരുതര വിഷയത്തില്‍ അന്വേഷണം നേരിടുകയെന്നത് സ്വാഭാവികമായ കാര്യമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.