യുഎസ് താക്കീതുകളെ വകവെക്കാതെ റഷ്യയില്‍നിന്ന് കൂടുതല്‍ എസ് 400 വ്യോമപ്രതിരോധ സംവിധാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ടാസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. റഷ്യന്‍ നിര്‍മിത സര്‍ഫേസ് ടു എയര്‍ മിസൈല്‍ സംവിധാനമായ എസ് 400 ഉപകരണമാണ് ഇന്ത്യ വാങ്ങാനൊരുങ്ങുന്നത്. എസ് 400 വ്യോമ പ്രതിരോധ സംവിധാനത്തിന് ഇന്ത്യന്‍ സായുധ സേന നല്‍കിയിരിക്കുന്ന പേര് 'സുദര്‍ശന്‍ ചക്ര' എന്നാണ്.
നിലവില്‍ ഇന്ത്യ റഷ്യന്‍ നിര്‍മിത എസ് 400 ഉപയോഗിക്കുന്നുണ്ട്. കൂുടുതല്‍ യൂണിറ്റുകള്‍ വാങ്ങുന്നതിനെ കുറിച്ചുള്ള ചര്‍ച്ച നടക്കുന്നുണ്ടെന്നും റഷ്യന്‍ ഫെഡറല്‍ സര്‍വീസ് ഫോര്‍ മിലിട്ടറി- ടെക്നിക്കല്‍ കോര്‍പ്പറേഷന്‍ മേധാവി ദിമിത്രി ഷുഗയേവിനെ ഉദ്ധരിച്ച് ടാസ് റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യയുമായി ഈ മേഖലയിലും തങ്ങളുടെ സഹകരണം ദൃഢമാകും. ഉപകരണങ്ങളുടെ ഇടപാടുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.
റഷ്യയില്‍നിന്ന് ഇന്ത്യ ആയുധങ്ങള്‍ വാങ്ങുന്നതിനെതിരെ യുഎസ് രംഗത്ത് വന്നിരുന്നു. എന്നാല്‍ ഇതിനെ വകവെയ്ക്കാതെയാണ് ഇന്ത്യയുടെ നീക്കം.
2018ല്‍ 5.5 ബില്ല്യണ്‍ ഡോളറിന്റെ കരാറില്‍ റഷ്യയുമായി ഇന്ത്യ ഒപ്പുവെച്ചിരുന്നു. അഞ്ച് എസ് 400 സംവിധാനത്തിനാണ് കരാറിലെത്തിയതെങ്കിലും ഇതിന്റെ വിതരണം വൈകിയിരുന്നു. കരാര്‍ പ്രകാരം നിലവില്‍ മൂന്ന് എസ് 400 ആണ് ഇന്ത്യക്ക് റഷ്യ നല്‍കിയിട്ടുള്ളത്. ബാക്കി രണ്ടെണ്ണം അടുത്ത രണ്ട് വര്‍ഷങ്ങളിലായി നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ പുതിയതായി എത്ര എസ് 400 വാങ്ങാനാണ് ഇന്ത്യ ചര്‍ച്ച നടത്തുന്നത് എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
ഓപ്പറേഷന്‍ സിന്ദൂറില്‍ നിര്‍ണായക പങ്ക് വഹിച്ച എസ് 400, ഇന്ത്യന്‍ പ്രതിരോധ മേഖലയിലെ സുപ്രധാന സംവിധാനമാണ്. ലോകത്ത് നിലവിലുള്ള ഏറ്റവും നൂതനവും ശക്തവുമായ വ്യോമ പ്രതിരോധ സംവിധാനങ്ങളിലൊന്നായാണ് എസ് 400 ട്രയംഫിനെ കാണുന്നത്. ഡ്രോണ്‍, മിസൈല്‍, റോക്കറ്റ്, യുദ്ധവിമാനങ്ങള്‍, ആളില്ലാ വിമാനങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ളവയെ നേരിടാന്‍ ഇതിന് കഴിവ് ഇതിനുണ്ട്. ഒരു പ്രത്യേക പ്രദേശത്ത് കവചമായി പ്രവര്‍ത്തിക്കാനും ഈ ദീര്‍ഘദൂര ഉപരിതല എയര്‍ മിസൈല്‍ സംവിധാനത്തിന് സാധിക്കും.