കാനഡയില്‍ നിന്ന് സാമ്പത്തിക സഹായം സ്വീകരിക്കുന്ന നിരവധി തീവ്രവാദ സംഘടനകളില്‍ ഖലിസ്ഥാനി തീവ്രവാദ ഗ്രൂപ്പുകളും ഉള്‍പ്പെടുന്നുണ്ടെന്ന് കനേഡിയന്‍ സര്‍ക്കാരിന്റെ റിപ്പോര്‍ട്ട്. തീവ്രവാദ ധനസഹായവും കള്ളപ്പണം വെളുപ്പിക്കലും സംബന്ധിച്ച സര്‍ക്കാര്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്.
ഇന്ത്യയ്ക്കെതിരായി പ്രവര്‍ത്തിക്കുന്ന ഖലിസ്ഥാന്‍ ഗ്രൂപ്പുകള്‍ക്ക് കാനഡ ധനസഹായം നല്‍കുന്നതായി മാര്‍ക്ക് കാര്‍ണി സര്‍ക്കാരിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 'കാനഡയിലെ കള്ളപ്പണം വെളുപ്പിക്കലിന്റെയും തീവ്രവാദ ധനസഹായത്തിന്റെ അപകടസാധ്യതകളുടെയും വിലയിരുത്തല്‍-2025' എന്ന റിപ്പോര്‍ട്ടിലാണ് ഈ കാര്യം പറയുന്നത്. കാനഡയില്‍ നിന്ന് ധനസഹായം സ്വീകരിച്ച ഖലിസ്ഥാനി തീവ്രവാദ ഗ്രൂപ്പുകളില്‍ ബബ്ബര്‍ ഖല്‍സ ഇന്റര്‍നാഷണലും ഇന്റര്‍നാഷണല്‍ സിഖ് യൂത്ത് ഫെഡറേഷനും ഉള്‍പ്പെടുന്നതായാണ് വിവരം.
കാനഡയിലെ ക്രിമിനല്‍ കോഡില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നതും രാഷ്ട്രീയ പ്രേരിതമായ അക്രമ തീവ്രവാദ (പിഎംവിഇ) വിഭാഗത്തില്‍ പെടുന്നതുമായ നിരവധി തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് കാനഡ ധനസഹായം നല്‍കുന്നതായി നിയമപാലകരും രഹസ്യാന്വേഷണ ഏജന്‍സികളും നിരീക്ഷിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. തീവ്രവാദ സംഘടനകളായ ഹമാസ്, ഹിസ്ബുള്ള, ഖലിസ്ഥാനി തീവ്രവാദ ഗ്രൂപ്പുകളായ ബബ്ബര്‍ ഖല്‍സ ഇന്റര്‍നാഷണല്‍, ഇന്റര്‍നാഷണല്‍ സിഖ് യൂത്ത് ഫെഡറേഷന്‍ എന്നിവ ധനസഹായം സ്വീകരിച്ചതായും റിപ്പോര്‍ട്ട് വെളിപ്പെടുത്തി.
ഇന്ത്യയിലെ പഞ്ചാബിനുള്ളില്‍ ഒരു സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കുന്നതിന് ഖലിസ്ഥാനി തീവ്രവാദ ഗ്രൂപ്പുകള്‍ അക്രമാസക്തമായ മാര്‍ഗങ്ങള്‍ അവലംബിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ റിപ്പോര്‍ട്ട് സമ്മതിച്ചു. കാനഡ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്ന് ഇത്തരം ഗ്രൂപ്പുകള്‍ ഫണ്ട് സ്വരൂപിക്കുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.
ഈ ഗ്രൂപ്പുകള്‍ക്ക് മുമ്പ് കാനഡയില്‍ വിപുലമായൊരു ധനസമാഹരണ ശൃംഖല ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇപ്പോള്‍ തീവ്രവാദ ഗ്രൂപ്പുകളെ പിന്തുണയ്ക്കുന്ന എന്നാല്‍ ഏതെങ്കിലും പ്രത്യേക ഗ്രൂപ്പുമായി പ്രത്യേക ബന്ധമില്ലാത്ത വ്യക്തികള്‍ ധനസഹായം നല്‍കുന്നതായി തോന്നുന്നുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കി.