CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 53 Minutes 9 Seconds Ago
Breaking Now

ബന്ദികളെ വിട്ടയക്കാം, ഗാസയുടെ ഭരണം കൈമാറാം; ട്രംപിന്റെ കരാര്‍ അംഗീകരിച്ച് ഹമാസ്, മറ്റ് ഉപാധികളിന്മേല്‍ ചര്‍ച്ച വേണമെന്ന് ആവശ്യം

ട്രംപ് മുന്നോട്ട് വെച്ച സമാധാന പദ്ധതി പ്രകാരം ജീവിച്ചിരിക്കുന്നവരും അല്ലാത്തവരും ഉള്‍പ്പെടെ എല്ലാ ഇസ്രായേലി ബന്ദികളെയും വിട്ടയക്കാന്‍ തയ്യാറാണെന്ന് ഹമാസ് അറിയിച്ചു.

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നോട്ടുവച്ച ഗാസ സമാധാന പദ്ധതിയിലെ ചില ഉപാധികള്‍ അംഗീകരിച്ച് ഹമാസ്. ഇസ്രയേലി ബന്ദികളെ വിട്ടയയ്ക്കാനും ഗാസയുടെ ഭരണം കൈമാറുന്നതിനുമാണ് ഹമാസ് സമ്മതം അറിയിച്ചത്. ബന്ദികളെ പൂര്‍ണ്ണമായി കൈമാറാന്‍ ഹമാസ് സന്നദ്ധത അറിയിച്ചു. മധ്യസ്ഥ ചച്ചകള്‍ക്ക് തയ്യാറാണെന്ന് വ്യക്തമാക്കിയ ഹമാസ് മറ്റ് ഉപാധികളിന്മേല്‍ കൂടുതല്‍ ചര്‍ച്ച വേണമെന്നും അറിയിച്ചു.

ട്രംപ് മുന്നോട്ട് വെച്ച സമാധാന പദ്ധതി പ്രകാരം ജീവിച്ചിരിക്കുന്നവരും അല്ലാത്തവരും ഉള്‍പ്പെടെ എല്ലാ ഇസ്രായേലി ബന്ദികളെയും വിട്ടയക്കാന്‍ തയ്യാറാണെന്ന് ഹമാസ് അറിയിച്ചു. ഗാസയുടെ ഭരണം 'സ്വതന്ത്ര ടെക്‌നോക്രാറ്റുകളുടെ' പലസ്തീന്‍ സമിതിക്ക് കൈമാറാന്‍ തയ്യാറാണെന്നും ഹമാസ് വ്യക്തമാക്കിയിട്ടുണ്ട്. ഞായറാഴ്ച വൈകിട്ട് ആറിനകം സമാധാന കരാര്‍ അംഗീകരിക്കണമെന്ന് യുഎസ് പ്രസിഡന്റ് ഹമാസിന് അന്ത്യശാസനം നല്‍കിയിരുന്നു. പദ്ധതി അംഗീകരിക്കാത്ത പക്ഷം ആക്രമണ ഭീഷണിയും ട്രംപ് മുഴക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഹമാസിന്റെ പ്രതികരണം.

ഒക്ടോബര്‍ 2023ലെ ആക്രമണത്തില്‍ ബന്ദികളാക്കപ്പെട്ടവരുടെ മോചനം ഉറപ്പാക്കാനുള്ള മാസങ്ങളായുള്ള ശ്രമങ്ങളില്‍ ഇത് നിര്‍ണായകമായ വഴിത്തിരിവാകും. അതേസമയം ഹമാസിനെ നിരായുധീകരിക്കണമെന്ന സമാധാന പദ്ധതിയിലെ നിര്‍ദേശത്തെക്കുറിച്ച് ഹമാസ് പ്രതികരിച്ചിട്ടില്ല. അടിയന്തര വെടിനിര്‍ത്തല്‍, ബന്ദി- തടവുകാരുടെ പൂര്‍ണ്ണമായ കൈമാറ്റം, ഗാസയില്‍ നിന്നുള്ള ഇസ്രായേല്‍ സൈന്യത്തിന്റെ ഘട്ടംഘട്ടമായുള്ള പിന്മാറ്റം, ഹമാസിന്റെ നിരായുധീകരണം, അന്താരാഷ്ട്ര മേല്‍നോട്ടത്തില്‍ ഒരു ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കുക തുടങ്ങിയവയാണ് ട്രംപിന്റെ സമാധാന പദ്ധതിയിലെ നിര്‍ദേശങ്ങള്‍.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.