ഐക്യരാഷ്ട്രസഭയില്‍ സ്ത്രീ സുരക്ഷയ്ക്ക് മേല്‍ നടന്ന ചര്‍ച്ചയ്ക്കിടെ ഇന്ത്യയെ വിമര്‍ശിച്ച പാകിസ്ഥാനെതിരെ കടുത്ത ഭാഷയില്‍ മറുപടി നല്‍കി ഇന്ത്യ. സ്വന്തം ജനങ്ങളെ ബോംബിട്ട് കൊല്ലുകയും തീവ്രവാദം വളര്‍ത്തുകയും ചെയ്യുന്ന രാജ്യമാണ് പാകിസ്ഥാനെന്നും ഇന്ത്യക്ക് ഉപദേശം നല്‍കേണ്ടതില്ലെന്നും ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. സ്ത്രീകളുടെ സമാധാനവും സുരക്ഷയും എന്ന വിഷയത്തില്‍ യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ പാകിസ്ഥാന്‍ ഇന്ത്യക്കെതിരെ ഉന്നയിച്ച അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കവെയാണ് ഇന്ത്യന്‍ പ്രതിനിധി രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചത്. കശ്മീരി സ്ത്രീകള്‍ കാലങ്ങളായി ലൈംഗികാതിക്രമം നേരിടുകയാണെന്നായിരുന്നു പാകിസ്ഥാന്റെ വാദം. ഇതിന് രൂക്ഷഭാഷയില്‍ മറുപടി നല്‍കിയ ഇന്ത്യ, മനുഷ്യാവകാശ ലംഘനങ്ങളുടെ പേരില്‍ ഇന്ത്യയെ വിമര്‍ശിക്കുന്നതിന് മുന്‍പ് സ്വന്തം രാജ്യത്തെ കാര്യങ്ങളില്‍ ശ്രദ്ധിക്കണമെന്ന് ആവശ്യപ്പെട്ടു.
'എല്ലാ വര്‍ഷവും, ഇന്ത്യക്കെതിരെ, പ്രത്യേകിച്ച് ജമ്മു കാശ്മീരിനെതിരെ പാകിസ്ഥാന്‍ നടത്തുന്ന പ്രസംഗം കേള്‍ക്കാന്‍ ഞങ്ങള്‍ വിധിക്കപ്പെട്ടിരിക്കുകയാണ്. വനിതകള്‍, സമാധാനം, സുരക്ഷാ അജണ്ട എന്നിവയില്‍ ഞങ്ങള്‍ക്ക് മികച്ച റെക്കോര്‍ഡുണ്ട്. എന്നാല്‍ സ്വന്തം ജനങ്ങളെ ബോംബിടുകയും, വംശഹത്യ നടത്തുകയും ചെയ്യുന്ന പാകിസ്ഥാന് ഇത്തരത്തില്‍ അതിശയോക്തി കലര്‍ന്ന പ്രസംഗങ്ങള്‍ നടത്താനേ കഴിയൂ. ഇന്ത്യയുടെ പ്രദേശങ്ങള്‍ നിയമവിരുദ്ധമായി കൈവശം വെച്ചിരിക്കുന്ന പാകിസ്ഥാന്‍, ആ പ്രദേശം ഒഴിയാന്‍ തയ്യാറാകണം.
1971ല്‍ ഓപ്പറേഷന്‍ സെര്‍ച്ച്ലൈറ്റ് നടത്തിയതും, സ്വന്തം സൈന്യത്തെ ഉപയോഗിച്ച് സ്ത്രീകള്‍ക്ക് നേരെ വംശഹത്യാപരമായ കൂട്ടബലാത്സംഗം നടത്താന്‍ അനുമതി നല്‍കിയതും പാകിസ്ഥാനാണെന്ന് ഇന്ത്യന്‍ പ്രതിനിധി ഓര്‍മ്മിപ്പിച്ചു. പാകിസ്ഥാന്റെ പ്രചാരണങ്ങള്‍ ലോകം തിരിച്ചറിയുന്നുണ്ടെന്നും ലോകത്ത് മനുഷ്യാവകാശം ഏറ്റവും മോശമായ സ്ഥിതിയിലുള്ള ഒരു രാജ്യം, മറ്റുള്ളവര്‍ക്ക് ഉപദേശം നല്‍കാന്‍ ശ്രമിക്കുന്നത് തീര്‍ത്തും വിരോധാഭാസമാണെന്നും ഇന്ത്യ തുറന്നടിച്ചു.