റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കുന്ന യുഎസിനെ രൂക്ഷമായി വിമര്‍ശിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തന്ത്രം ഒടുവില്‍ അവര്‍ക്കുതന്നെ തിരിച്ചടിയാകുമെന്ന് പുടിന്‍ മുന്നറിയിപ്പ് നല്‍കി. പ്രധാനമന്ത്രി മോദിയെ സുഹൃത്ത് എന്ന് വിശേഷിപ്പിച്ച പുടിന്‍, തങ്ങളുടെ ബന്ധം വിശ്വാസത്തിലും പരസ്പര ബഹുമാനത്തിലും അധിഷ്ഠിതമാണെന്ന് ചൂണ്ടിക്കാട്ടി.
ഇന്ത്യ ഉള്‍പ്പെടെ 140ല്‍ അധികം രാജ്യങ്ങളില്‍ നിന്നുള്ള സുരക്ഷാ, ഭൗമരാഷ്ട്രീയ വിദഗ്ധര്‍ പങ്കെടുത്ത ഉച്ചകോടിയെ അഭിസംബോധന ചെയ്യുക ആയിരുന്നു പുടിന്‍. ഊര്‍ജ്ജനയത്തില്‍ ഇന്ത്യയുടെ സ്വതന്ത്ര നിലപാടിനെ പുടിന്‍ എടുത്തുപറയുകയും ബാഹ്യ സമ്മര്‍ദ്ദങ്ങളെ ചെറുത്തതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിക്കുകയും ചെയ്തു.
'ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്തെ ജനങ്ങള്‍ രാഷ്ട്രീയ നേതൃത്വം എടുക്കുന്ന തീരുമാനങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കും. അവര്‍ ഒരിക്കലും അപമാനം സഹിക്കില്ല. എനിക്ക് പ്രധാനമന്ത്രി മോദിയെ അറിയാം. അദ്ദേഹം ഒരിക്കലും ഇത്തരത്തിലുള്ള നടപടികള്‍ സ്വീകരിക്കില്ല.' പുടിന്‍ പറഞ്ഞു. പുറത്തുനിന്നുള്ള ആവശ്യങ്ങള്‍ക്ക് വഴങ്ങേണ്ട കാര്യം ഇന്ത്യക്കില്ല. റഷ്യയുമായി ഇന്ത്യയ്ക്ക് ദീര്‍ഘകാലമായി സുസ്ഥിരമായ ബന്ധമുണ്ടെന്നും പുടിന്‍ ചൂണ്ടിക്കാട്ടി.
എണ്ണവ്യാപാരത്തില്‍ റഷ്യയെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളെ അര്‍ത്ഥശൂന്യം എന്നാണ് പുടിന്‍ വിശേഷിപ്പിച്ചത്. റഷ്യന്‍ എണ്ണവിതരണം വെട്ടിക്കുറയ്ക്കുന്നത് ആഗോള വിപണിയില്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും ഇത് ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളറിന് മുകളിലേക്ക് ഉയര്‍ത്തുകയും ആഗോള വളര്‍ച്ചയ്ക്ക് വലിയ തിരിച്ചടിയാകുമെന്നും പുടിന്‍ മുന്നറിയിപ്പ് നല്‍കി.
അമേരിക്ക ആണവോര്‍ജ്ജ വ്യവസായത്തിനായി റഷ്യന്‍ യുറേനിയത്തെയാണ് ആശ്രയിക്കുന്നതെന്നും പുടിന്‍ പറഞ്ഞു. ആണവ നിലയങ്ങള്‍ ഉപയോഗിക്കുന്ന ഏറ്റവും വലിയ രാജ്യങ്ങളിലൊന്നാണ് അമേരിക്ക. അമേരിക്കന്‍ വിപണിയിലേക്ക് യുറേനിയം വിതരണം ചെയ്യുന്ന രണ്ടാമത്തെ വലിയ രാജ്യമാണ് റഷ്യ എന്നും പുടിന്‍ ചൂണ്ടിക്കാട്ടി.