ഹെല്‍ത്ത് സര്‍വ്വീസ് ജേണല്‍ (HSJ) തയ്യാറാക്കിയ, യുകെയിലെ ആരോഗ്യ മേഖലയില്‍ ഏറ്റവും സ്വാധീനമുള്ള 50 കറുത്തവര്‍ഗ്ഗക്കാര്‍, ഏഷ്യന്‍സ്, ന്യൂനപക്ഷ വിഭാഗക്കാരുടെ പട്ടികയില്‍ ഇതാദ്യമായി ഒരു മലയാളി സ്ഥാനം പിടിച്ചു. എയര്‍ഡെയ്ല്‍ എന്‍.എച്ച്.എസ്സ് ഫൌണ്ടേഷന്‍ ട്രസ്റ്റ് ഡപ്യൂട്ടി ചീഫ് നഴ്സും ആലയന്‍സ് ഓഫ് സീനിയര്‍ കേരള നഴ്‌സസ് (ASKeN) സ്ഥാപകനും, യുക്മ മുന്‍ നാഷണല്‍ ജോയിന്റ് സെക്രട്ടറിയുമായ സാജന്‍ സത്യനാണ് യുകെ മലയാളികള്‍ക്കാകെ അഭിമാനകരമായ ഈ നേട്ടത്തിന് അര്‍ഹനായത്.
യുക്മയുടെ ആരംഭകാലം മുതല്‍ സഹയാത്രികനായ സാജന്‍ സത്യന്റെ അഭിമാനകരമായ നേട്ടത്തില്‍ യുക്മ കുടുംബമൊന്നാകെ ആഹ്ളാദത്തിലാണ്. 2019 - 2022 കാലഘട്ടത്തില്‍ യുക്മ ദേശീയ ജോയിന്റ് സെക്രട്ടറി സ്ഥാനം വഹിച്ച സാജന്‍ 2022 - 2025 കാലയളവില്‍ യോര്‍ക്ക്ഷയര്‍ & ഹംബര്‍ റീജിയണില്‍ നിന്നുള്ള ദേശീയ സമിതിയംഗമായും പ്രവര്‍ത്തിച്ചു. യുക്മ നഴ്സസ് ഫോറം നാഷണല്‍ കോര്‍ഡിനേറ്റര്‍, നാഷണല്‍ അഡൈ്വസര്‍ എന്നീ നിലകളിലും മികവുറ്റ പ്രവര്‍ത്തനം കാഴ്ച വെച്ച സാജന്‍ യുകെയിലെ മലയാളി നഴ്സിംഗ് സമൂഹത്തിന് ഒരു മാര്‍ഗ്ഗദര്‍ശിയാണ്. യുകെയിലെ നഴ്സിംഗ് സമൂഹം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളില്‍ നിരന്തരമായ ഇടപെടലുകള്‍ നടത്തുന്ന സാജന്‍ അവയ്ക്ക് സാദ്ധ്യമായ പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുവാനും നടപ്പിലാക്കുവാനും മുന്‍നിരയിലുണ്ട്.
അലയന്‍സ് ഓഫ് സീനിയര്‍ കേരള നഴ്സസ് (ASKeN) എന്ന യുകെ നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസിലെ സീനിയര്‍ നഴ്‌സുമാരുടെ സംഘടനയുടെ സ്ഥാപക നേതാവായ സാജന്‍ സത്യനോടൊപ്പം യുകെ ഇമിഗ്രേഷന്‍ മന്ത്രി സീമ മല്‍ഹോത്ര, ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍, റോയല്‍ കോളജ് ഓഫ് ഫിസിഷ്യന്‍സ് പ്രസിഡന്റ് മുംതാസ് പട്ടേല്‍, പൌളറ്റ് ഹാമില്‍ട്ടന്‍ എം. പി. തുടങ്ങിയ പ്രമുഹരാണ് പട്ടികയില്‍ ഇടം നേടിയവര്‍. യുകെയിലേക്ക് പുതിയതായി എത്തുന്ന നഴ്‌സുമാര്‍ക്ക് പിന്തുണ നല്‍കുവാനും ഇവിടെയുള്ളവര്‍ക്ക് പരസ്പരം ബന്ധപ്പെടാനും സഹകരിക്കുവാനും വേണ്ടിയാണ് സാജന്‍ സത്യന്‍ ASKeN സ്ഥാപിച്ചത്. എന്‍ എച്ച് എസ്, അക്കാദമിക, ഗവേഷണ മേഖലകളിലെ ഉയര്‍ന്ന തസ്തികകളില്‍ ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രാതിനിധ്യം കുറവായതിനാല്‍ കരിയറില്‍ മുന്നോട്ട് വരുന്നവര്‍ക്ക് മാതൃകയാക്കാന്‍ ആളില്ലാത്ത അവസ്ഥ ASKeN ന്റെ പ്രധാന ശ്രദ്ധാവിഷയമാണ്.
എന്‍.എച്ച്. എസ്സില്‍ 2009 മുതല്‍ സേവനമനുഷ്ഠിക്കുന്ന സാജന്‍ അഡ്വാന്‍സ്ഡ് നഴ്സ് പ്രാക്ടീഷണര്‍, ലീഡ് അഡ്വാന്‍സ്ഡ് ക്‌ളിനിക്കല്‍ പ്രാക്ടീഷണര്‍, ഹെല്‍ത്ത് എഡ്യൂക്കേഷന്‍ ഇംഗ്‌ളണ്ട് ഉള്‍പ്പടെ വിവിധ ചുമതലകള്‍ വഹിച്ച ശേഷമാണ് എയര്‍ഡെയ്ല്‍ എന്‍.എച്ച്.എസ്സ് ഫൌണ്ടേഷന്‍ ട്രസ്റ്റില്‍ ഡെപ്യൂട്ടി ചീഫ് നഴ്സായി ചുമതലയേറ്റത്. തിരക്കേറിയ ഔദ്യോഗിക ചുമതലകള്‍ക്കൊപ്പം പഠിക്കുവാനും സമയം കണ്ടെത്തുന്ന സാജന്‍ പൊതുപ്രവര്‍ത്തന രംഗത്തും അഭിമാനാര്‍ഹമായ പ്രവര്‍ത്തനം കാഴ്ച വെയ്ക്കുന്നുവെന്നത് ഏറെ സന്തോഷകരമാണ്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മെഡിക്കല്‍ എന്‍ട്രസ് പരീക്ഷയിലൂടെ ബിസ് സി നഴ്‌സിംഗ് 1994 - 98 ബാച്ചില്‍ പൂര്‍ത്തിയാക്കിയ സാജന്‍ തുടര്‍ന്ന് മംഗലാപുരം നിറ്റെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നഴ്‌സിംഗ് സയന്‍സില്‍ നഴ്‌സിംഗ് ട്യൂട്ടറായി സേവനം അനുഷ്ടിച്ചു. തുടര്‍ന്ന് 2003-ല്‍ യുകെയില്‍ ബുപയില്‍ ജോലിയില്‍ പ്രവേശിച്ചു. 2005 മുതല്‍ എന്‍ എച്ച് സില്‍ പ്രവര്‍ത്തിയെടുത്ത് വരുന്ന സാജന്‍ ഹെല്‍ത്ത് എഡ്യൂക്കേഷന്‍ ഇംഗ്ലണ്ട് ഉള്‍പ്പടെ വിവിധ മേഖലകളില്‍ വിവിധ പദവികളില്‍ സേവനമനുഷ്ടിച്ചു. മിഡ്‌ലാന്‍ഡ് മെട്രോപ്പൊലിറ്റന്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ഡയറക്ടര്‍ ഓഫ് അഡ്വാന്‍സ് നഴ്‌സിംഗ് പ്രാക്ടീസ് ആയിരുന്നു.
ഭാര്യ അനൂപ സാജന്‍ ഡബ്ലിനില്‍ രജിസ്റ്റര്‍ഡ് നഴ്‌സാണ്. എ ലെവല്‍ വിദ്യാര്‍ത്ഥിനിയായ നിയാ സാജന്‍, ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി മിലന്‍ സാജന്‍ എന്നിവരാണ് മക്കള്‍. ലീഡ്‌സിന് സമീപമുള്ള വെഡ്‌നസ്ഫീല്‍ഡിലാണ് സാജന്‍ കുടുംബ സമേതം താമസിക്കുന്നത്.
യുക്മയുടെ സഹയാത്രികനും നേതൃനിരയിലെ സജീവ സാന്നിദ്ധ്യവുമായ സാജന്റെ അഭിമാനാര്‍ഹമായ നേട്ടത്തില്‍ യുക്മ ദേശീയ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍, ജനറല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍, ട്രഷറര്‍ ഷീജോ വര്‍ഗ്ഗീസ്, വൈസ് പ്രസിഡന്റ്മാരായ വര്‍ഗ്ഗീസ് ഡാനിയല്‍, സ്മിത തോട്ടം, ജോയിന്റ് സെക്രട്ടറിമാരായ സണ്ണിമോന്‍ മത്തായി, റെയ്മോള്‍ നിധീരി, ജോയിന്റ് ട്രഷറര്‍ പീറ്റര്‍ താണോലില്‍, മുന്‍ പ്രസിഡന്റ്മാരായ മനോജ്കുമാര്‍ പിള്ള, ഡോ. ബിജു പെരിങ്ങത്തറ, മുന്‍ ജനറല്‍ സെക്രട്ടറിയും ബേസിംഗ്‌സ്റ്റോക്ക് കൗണ്‍സിലറുമായ സജീഷ് ടോം
മുന്‍ ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗ്ഗീസ്, പി ആര്‍ ഒ കുര്യന്‍ ജോര്‍ജ്, യുക്മ ന്യൂസ് ചീഫ് എഡിറ്റര്‍ സുജു ജോസഫ്, യുക്മ യോര്‍ക്ക്ഷയര്‍ & ഹംബര്‍ റീജിയണല്‍ പ്രസിഡന്റ് അമ്പിളി സെബാസ്റ്റ്യന്‍, യു.എന്‍.എഫ് ദേശീയ സമിതിയംഗങ്ങള്‍ തുടങ്ങിയവര്‍ അഭിനന്ദനങ്ങള്‍ അറിയിച്ചു. കൂടുതല്‍ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെക്കുവാനും കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കുവാനും സാജന് കഴിയട്ടെയെന്ന് യുക്മ നേതൃത്വം ആശംസിച്ചു.
കുര്യന്‍ ജോര്‍ജജ്
(നാഷണല്‍ പി.ആര്‍.ഒ & മീഡിയ കോര്‍ഡിനേറ്റര്‍)