
















മൂന്നാറില്‍ വെച്ച് ടാക്‌സി ഡ്രൈവര്‍മാരില്‍ നിന്നും ദുരനുഭവം നേരിട്ടതായി മുംബൈ സ്വദേശിനി. ഊബര്‍ വാഹനം വിളിച്ച് യാത്ര ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ മൂന്നാറിലെ ടാക്‌സി ഡ്രൈവര്‍മാര്‍ ഭീഷണിപ്പെടുത്തിയെന്നാണ് യുവതിയുടെ ആരോപണം. മുംബൈ സ്വദേശിനി ജാന്‍വിയാണ് ദുരനുഭവം സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചത്. സംഭവത്തില്‍ ഡ്രൈവര്‍മാര്‍ക്കെതിരെ പൊലീസ് സ്വമേധയാ കേസെടുത്തു. വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പൊലീസ് നടപടി.
ഇക്കഴിഞ്ഞ ഒക്ടോബര്‍ 30നാണ് കേസിനാസ്പദമായ സംഭവം. ജാന്‍വി മുംബൈയില്‍ അസി. പ്രൊഫസറായി ജോലി ചെയ്യുകയാണ്. കൂട്ടുകാരുമൊത്ത് അവധിക്കാലം ആഘോഷിക്കാനാണ് യുവതി മൂന്നാറിലെത്തിയത്. കേരളത്തില്‍ കൊച്ചിയിലും ആലപ്പുഴയിലും പോയിരുന്നു. അവിടെയുളളവര്‍ മര്യാദയോടെയാണ് പെരുമാറിയത്. മൂന്നാറില്‍ എത്തി യാത്രചെയ്യാനായി ഊബര്‍ ടാക്‌സി വിളിച്ചു. എന്നാല്‍ മൂന്നാറിലെ ഡ്രൈവര്‍മാര്‍ ശ്രമം തടഞ്ഞതായും ഭീഷണിപ്പെടുത്തിയതായും യുവതി സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.
സംഭവം സ്ഥലത്ത് പൊലീസ് എത്തിയെന്നും ഡ്രൈവര്‍മാര്‍ക്ക് അനുകൂല നിലപാടാണ് സ്വീകരിച്ചുതെന്നും ജാന്‍വി വീഡിയോയില്‍ പറയുന്നുണ്ട്. പൊലീസുകാര്‍ ഡ്രൈവര്‍മാരോട് മാത്രമാണ് സംസാരിച്ചത്. എന്താണ് സംഭവിച്ചതെന്ന് ഞങ്ങളോട് ആരും ചോദിച്ചില്ല. കേരള ടൂറിസവുമായി ബന്ധപ്പെട്ടിരുന്നു. ഊബറിലോ ഓലയിലോ യാത്ര ചെയ്യാന്‍ കഴിയില്ല. ഭീഷണിപ്പെടുത്തിയ ആളുകളോടൊപ്പം തന്നെയാണ് പിന്നീട് സഞ്ചരിച്ചത്. ഇത്തരത്തിലുളള മോശം അനുഭവമുണ്ടായതിനെ തുടര്‍ന്ന് ഇനി കേരളത്തിലേക്ക് വരില്ലെന്നും പറഞ്ഞു കൊണ്ടാണ് ജാന്‍വി വീഡിയോ പങ്കുവെച്ചിരിക്കുന്നത്.