
















പതിനാറാമത് യുക്മ ദേശീയ കലാമേള ചെല്‍റ്റന്‍ഹാമിലെ ക്‌ളീവ് സ്‌കൂള്‍ എം.ടി. വാസുദേവന്‍ നായര്‍ നഗറില്‍ ബഹുമാനപ്പെട്ട ചെല്‍റ്റന്‍ഹാം മേയര്‍ ഡോ. ഡേവിഡ് വില്ലിംഗ്ഹാം ഉദ്ഘാടനം ചെയ്യും. പ്രശസ്ത ബ്രിട്ടീഷ് ഇന്‍ഡ്യന്‍ ചലച്ചിത്ര - സീരിയല്‍ താരം വരദ സേതു സെലിബ്രിറ്റി ഗസ്റ്റായി പങ്കെടുക്കും.
നവംബര്‍ 01 ശനിയാഴ്ച രാവിലെ 9 മണി മുതല്‍ ആരംഭിക്കുന്ന കലാമേളയുടെ സുഗമമായ നടത്തിപ്പിന് ആവശ്യമായ തയ്യാറെടുപ്പുകള്‍ കൃത്യമായി നടത്തി ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി യുക്മ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍, ജനറല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍, ട്രഷറര്‍ ഷീജോ വര്‍ഗ്ഗീസ്, കലാമേള കണ്‍വീനര്‍ വര്‍ഗ്ഗീസ് ഡാനിയല്‍ എന്നിവര്‍ അറിയിച്ചു. റീജിയണല്‍ കലാമേളകളില്‍ മത്സരാര്‍ത്ഥികളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവും മത്സര ഇനങ്ങളിലെ വര്‍ദ്ധനവും മുന്‍ നിര്‍ത്തി ഇത്തവണ ഏഴ് വേദികളിലാണ് മത്സരങ്ങള്‍ അരങ്ങേറുക. ദേശീയ കലാമേള 2023 വരെ അഞ്ച് വേദികളിലും 2024 ല്‍ ആറ് വേദികളിലുമായിട്ടാണ് നടത്തിയത്. ഇതാദ്യമായിട്ടാണ് ദേശീയ കലാമേള ഏഴ് വേദികളിലായി സംഘടിപ്പിക്കുന്നത്.
യുക്മ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്റെ അദ്ധ്യക്ഷതയില്‍ രാവിലെ 11.30 ന് ചേരുന്ന യോഗത്തില്‍ വച്ച് ബഹുമാനപ്പെട്ട ചെല്‍റ്റന്‍ഹാം മേയര്‍ ഡോ. ഡേവിഡ് വില്ലിംഗ്ഹാം പതിനാറാമത് ദേശീയ കലാമേള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. ജനറല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍ യോഗത്തിന് സ്വാഗതം ആശംസിക്കും. പ്രശസ്ത ബ്രിട്ടീഷ് ഇന്ത്യന്‍ നടി വരദ സേതു യുക്മ ദേശീയ കലാമേളയില്‍ സെലിബ്രിറ്റി ഗസ്റ്റായി പങ്കെടുക്കും. യുക്മ ദേശീയ ഭാരവാഹികള്‍ പങ്കെടുക്കുന്ന യോഗത്തിന് കലാമേള കണ്‍വീനര്‍ വര്‍ഗ്ഗീസ് ഡാനിയല്‍ കൃതഞ്ജത പ്രകാശിപ്പിക്കും.
കോഴിക്കോട് നിന്നും മാതാപിതാക്കളോടും ഇരട്ട സഹോദരിയുമോടൊപ്പം ഇംഗ്‌ളണ്ടിലെ ന്യൂകാസില്‍ അപ്പോണ്‍ ടൈനിലേയ്ക്ക് കുടിയേറിയ വരദ വിദ്യാഭ്യാസത്തോടൊപ്പം ഡാന്‍സും അഭിനയവും ഉള്‍പ്പടെയുള്ള കലാ പ്രവര്‍ത്തനങ്ങളിലും സജീവമായി. എമ്മി അവാര്‍ഡ് കരസ്ഥമാക്കിയ സീരീസ് 'ആന്‍ഡോര്‍', ബിബിസി ക്‌ളാസ്സിക്ക് സീരീസായ 'ഡോക്ടര്‍ ഹൂ' എന്നിവയിലെ റോളുകളിലൂടെ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠ പ്രശംസ പിടിച്ച് പറ്റിയ വരദ അഭിനയ രംഗത്ത് സജീവമായി. ബ്രിസ്റ്റോള്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ഫിസിയോളജിയില്‍ ബിരുദം കരസ്ഥമാക്കിയ വരദ 'ഡോക്ടര്‍ ഫോസ്റ്റര്‍', `ഹാര്‍ഡ് സണ്‍', 'സ്ട്രൈക്ക് ബാക്ക്`, `അന്നിക' തുടങ്ങി നിരവധി സീരീസുകളിലൂടെ അഭിനയ രംഗത്ത് തന്റെ സ്ഥാനം ഉറപ്പിച്ചു.
ഡാന്‍സ് ഒരു പാഷനായി കൂട്ടത്തില്‍ ചേര്‍ത്ത വരദ ഭരതനാട്യവും മോഹിനിയാട്ടവും ചെറുപ്പം മുതല്‍ പരിശീലിച്ച് തുടങ്ങി. ഇംഗ്‌ളീഷ് സിനിമ - സീരിയല്‍ രംഗത്തെ ശ്രദ്ധേയമായ സാന്നിദ്ധ്യത്തിലൂടെ മലയാളികളുടെ അഭിമാനമായി മാറിയ വരദ സേതുവിനെ യുക്മ ദേശീയ കലാമേള വേദിയിലേയ്ക്ക് ഏറെ അഭിമാനത്തോടെയും സന്തോഷത്തോടെയുമാണ് യുക്മ ദേശീയ സമിതി സ്വാഗതം ചെയ്യുന്നത്.
പതിനാറാമത് യുക്മ ദേശീയ കലാമേളയിലേക്ക് മുഴുവന്‍ മത്സരാര്‍ത്ഥികളെയും കാണികളെയും യുക്മ ദേശീയ സമിതിക്ക് വേണ്ടി സ്നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍, ജനറല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍, ഇവന്റ് കോര്‍ഡിനേറ്റര്‍ ഡോ. ബിജു പെരിങ്ങത്തറ എന്നിവര്‍ അറിയിച്ചു.
യുക്മ ദേശീയ കലാമേള - 2025 വേദികളും മത്സര ഇനങ്ങളും താഴെ കൊടുത്തിരിക്കുന്നു:
കുര്യന്‍ ജോര്‍ജ്ജ്
(നാഷണല്‍ പി.ആര്‍.ഒ & മീഡിയ കോര്‍ഡിനേറ്റര്‍)