
















ഖത്തര്‍ റാസ് ലഫാന്‍ വ്യവസായ മേഖലയിലെ ഗ്യാസ് ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തില്‍, മരിച്ചവരില്‍ 12 പേര്‍ ഇന്ത്യക്കാരെന്ന് ഇന്ത്യന്‍ എംബസി. ഖത്തര്‍ അധികൃതരെ ഉദ്ധരിച്ച് എക്‌സ്' പ്ലാറ്റ്‌ഫോമിലൂടെ ആണ് എംബസി ഇക്കാര്യം അറിയിച്ചത്. സ്‌ഫോടനത്തില്‍ 13 പേരാണ് മരിച്ചത്. ആക്രമണം അല്ല അപകടമാണുണ്ടായതെന്ന് ഊര്‍ജമന്ത്രി സ്ഥിരീകരിച്ചു.
മരിച്ചവരുടെ മൃതദേഹങ്ങള്‍ എത്രയും വേഗം ഇന്ത്യയിലേക്ക് അയയ്ക്കുന്നത് ഉള്‍പെടെ ദുരിതമനുഭവിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സാധ്യമായ എല്ലാ സഹായവും നല്‍കുന്നതിനായി ഖത്തര്‍ അധികൃതരുമായി അടുത്ത ബന്ധം പുലര്‍ത്തുന്നതായും ഇന്ത്യന്‍ എംബസി വ്യക്തമാക്കി. അപകടത്തില്‍ പരിക്കേറ്റ എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ഉചിതമായ വൈദ്യചികിത്സ ലഭിക്കുന്നുണ്ടെന്നും ഖത്തര്‍ അധികൃതര്‍ സ്ഥിരീകരിച്ചു.
അപകടത്തില്‍ മരിച്ച 13 പേരില്‍ ഇന്ത്യക്കാരും പാകിസ്താന്‍ പൗരന്‍മാരും ഉള്‍പെടുന്നതായി ഇന്ന് വൈകീട്ട് ചേര്‍ന്ന വാര്‍ത്താസമ്മേളനത്തില്‍ ഖത്തര്‍ ഊര്‍ജമന്ത്രിയും ഖത്തര്‍ എനര്‍ജി സി.ഇ.ഒയുമായ സാദ് ഷെരിദ അല്‍-കാബി അറിയിച്ചിരുന്നു.ഇതിന് പിന്നാലെയാണ് മരിച്ചവരില്‍ 12 പേരും ഇന്ത്യക്കാരാണെന്ന് അധികൃതര്‍ അറിയിച്ചത്.